ആപ്പിൾ ഐഫോൺ 17 മോഡൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഐഫോൺ 17 ന് ഇത്തവണ വലിയ സ്ക്രീനായിരിക്കുമെന്നാണ് വിവരം. ഇപ്പോൾ വിപണിയിലുള്ള ഐഫോൺ 16 പ്രോയ്ക്കുള്ള 6.3 ഇഞ്ച് സ്ക്രീൻ ആയിരിക്കും ഐഫോൺ 17 നെന്ന് ടിപ്പ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നു.
ഐഫോൺ 17 സീരിസിൽ വരാനിരിക്കുന്ന മറ്റൊരു സുപ്രധാനമായ മാറ്റമാണ് ലോഗോയുടെ ക്രമീകരണം. ഫോണിന്റെ പിൻഭാഗത്ത് സ്ഥാപിച്ച ആപ്പിൾ ലോഗോ ഫോണിന്റെ മുഖ്യ ആകർഷണമാണെന്നതിൽ സംശയമില്ല. ഐഫോൺ 11 പുറത്തിറങ്ങിയത് മുതൽ ഐഫോൺ ലോഗോ ഫോണിന് പിൻഭാഗത്ത് ഒരേ സ്ഥലത്ത് തന്നെയാണ് നൽകിവരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്ന് മാറ്റം വരും.
ഐഫോണുകളുടെ വയർലെസ് ചാർജിങ് റിങിന്റെ ക്രമീകരണത്തിൽ ചെറിയ മാറ്റം കൊണ്ടുവരുന്നതിനാലാണ് ഈ മാറ്റം. റിങ്ങിന് മധ്യത്തിലായി ലോഗോ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ലോഗോ അൽപ്പം താഴ്ത്തുന്നത്. മാഗ്നനറ്റിക് റിങ്ങിന്റെ സ്ഥാനം മനസിലാക്കാൻ ലോഗോയുടെ ഈ കൃത്യമായ ക്രമീകരണം സഹായിക്കുകയും ചെയ്യും. ടിപ്പ്സ്റ്ററായ മജിൻബു ആണ് ഈ വിവരം പുറത്തുവിട്ടത്.
മറ്റ് മാറ്റങ്ങൾ
എഐ 19 പ്രോ ചിപ്പിലായിരിക്കും പ്രോ മോഡലുകളുടെ പ്രവർത്തനം. അതി നൂതന 3എൻഎം പ്രൊസസ് ഉപയോഗിച്ച് നിർമിച്ച ഈ ചിപ്പ്സെറ്റ് പ്രോ മോഡലുകളുടെ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ മികവോടെ പ്രവർത്തിപ്പിക്കാൻ സഹായകമാവും. മുൻവർഷത്തേതിനേക്കാൾ പതിന്മടക്ക് കരുത്തുള്ളവയാകും ഇത്തവണത്തെ പ്രോ മോഡലുകൾ.
പ്രോ മാക്സ് മോഡലിന് 6.9 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ആയിരിക്കുമെന്നാണ് വിവരം. വിലകുറഞ്ഞ മറ്റ് പതിപ്പുകൾക്ക് 6.3 ഇഞ്ച് സ്ക്രീനും പ്രതീക്ഷിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീൻ ആയിരിക്കും ഇത്.
12 ജിബി റാം വേരിയന്റായിരിക്കും ഇത്തവണത്തെ മറ്റൊരു സവിശേഷത. മികവുറ്റ തെർമൽ മാനേജ്മെന്റ് സംവിധാനത്തിനായി വേപ്പർ ചേമ്പർ സംവിധാനവും ഫോണുകളിലുണ്ടാവും. സെൽഫി ക്യാമറയ്ക്ക് 24 എംപി ക്യാമറ കൊണ്ടുവന്നേക്കും. നിലവിലുള്ള 12 എംപി റിയർ ക്യാമറയ്ക്ക് പകരം 48 എംപി സെൻസർ അവതരിപ്പിച്ചേക്കും.