ന്യൂഡൽഹി: പെഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഓപ്പറഷേൻ സിന്തൂറുമുടക്കമുള്ള സംഭവവികാസങ്ങൾ ക്രിക്കറ്റ് ലോകത്തെയും ഇളക്കി മറിക്കുന്നു. പാകിസ്താൻ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിലും കളിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായ ഈ വർഷം നടക്കുന്ന ഏഷ്യകപ്പിൽ നിന്നും പിന്മാറുന്നതായി ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഈ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നടത്താനിരുന്ന ടൂർണമെന്റിൽ എട്ട് രാജ്യങ്ങയൊണ് പങ്കെടുപ്പിക്കാനിരുന്നത്.
പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്. ജയ് ഷാ ഐസിസി അധ്യക്ഷനായ ഒഴിവിലാണ് നഖ്‍വി നിയമതിനായത്.ഏഷ്യകപ്പിൽ നിന്നും പിന്മാറാൻ ഇതും ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും പാകിസ്താനെ ഒറ്റപ്പെടുത്തുക എന്നുകൂടി ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. ടൂർണമെന്റിൽ നിന്നും ഇന്ത്യ പിന്മാറുകയാണെങ്കിൽ ടിവി ബ്രോഡ്കാസ്റ്റിലൂടെ കോടികളുടെ നഷ്ടമാകും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനുണ്ടാകുക. ഇതോടെ മറ്റു രാജ്യങ്ങൾക്ക് നൽകുന്ന വരുമാനത്തിലടക്കം കാര്യമായ ഇടിവുണ്ടാകും.
ഈ വർഷം പാകിസ്താനിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം പങ്കെടുത്തിരുന്നില്ല. ഇതിനെത്തുടർന്ന് പാകിസ്താൻ ഇന്ത്യയിൽ നടക്കുന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കില്ല എന്നറിയിച്ചിരുന്നു. ഇതോടെ ഐസിസി ടൂർണമെന്റുകൾ അടക്കമുള്ളവരും പ്രതിസന്ധിയിലായിരുന്നു.