കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ സംഭവത്തില്‍ പള്ളി ഇമാം അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയും ഇമാമുമായ അബ്‌ദുള്‍ ബാസിത്തിനെയാണ് അറസ്‌റ്റ് ചെയ്തത്. ഇന്ത്യൻ നിയമപ്രകാരം മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്. ഇത് ദുരുപയോഗം ചെയ്യുന്ന പുരുഷന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.
20 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചവറ പൊലീസ് ബാസിത്തിനെ അറസ്‌റ്റ് ചെയ്‌തത്. മുസ്ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബാസിത്തിനെതിരെ കേസെടുത്തത്, ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം പീഡനത്തിന് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.
പത്തനംതിട്ട ഊട്ടുകുളം മസ്‌ജിദിലെ ഇമാം ആണ് പ്രതി. ആദ്യവിവാഹം മറച്ചുവച്ചാണ് തന്നെ രണ്ടാമത് വിവാഹം കഴിച്ചതെന്നും 20 കാരിയായ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ബാസിത്തും യുവതിയും തമ്മിൽ വഴക്കിട്ടിരുന്നു, തുടര്‍ന്ന് യുവതിയെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുവിടുകയും ഫോണ്‍ വിളിച്ച് മുത്തലാഖ് ചൊല്ലുകയുമായിരുന്നു. ബാസിത്തിന്‍റെ രണ്ടാം വിവാഹം ആണ് ഇതെന്നും, ആദ്യവിവാഹക്കാര്യം മറച്ചുവച്ചാണ് വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ആദ്യ ഭാര്യയെ ഇയാൾ വാടക വീട്ടിലാണ് പാർപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പരാതിയിലുണ്ട്. മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞതോടെ ഇക്കാര്യം യുവതി ചോദിച്ചിരുന്നു. എന്നാല്‍ ബാസിത്ത് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണ് ചെയ്‌തതെന്ന് യുവതിയുടെ പരാതിയില്‍ ഉണ്ട്. മറ്റൊരു വിവാഹം കഴിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാസിതും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.