കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യ 2070ഓടെ 24.7 ശതമാനം ജി.ഡി.പി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് എ.ഡി.ബി

0
46

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം 2070 ഓടെ ഏഷ്യയിലും പസഫിക് മേഖലയിലുടനീളമുള്ള രാജ്യങ്ങളുടെ ജി.ഡി.പിയിൽ 16.9 ശതമാനം ഇടിവിന് കാരണമാകുമെന്നും ഇന്ത്യയിൽ 24.7 ശതമാനം ജി.ഡി.പി ഇടിവ് ഉണ്ടാകുമെന്നും ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കി​ന്‍റെ റിപ്പോർട്ട്.

ഉയർന്ന കാർബൺ ബഹിർഗമനത്തി​ന്‍റെ ഫലമായുള്ള ആഗോളതാപനത്തി​ന്‍റെ സാഹചര്യത്തിൽ സമുദ്രനിരപ്പ് ഉയരുന്നതും തൊഴിൽ ഉൽപാദനക്ഷമത കുറയുന്നതും ഏറ്റവും വലിയ നഷ്ടത്തിലേക്ക് നയിക്കും. താഴ്ന്ന വരുമാനക്കാരെയും ദുർബലമായ സമ്പദ്‌വ്യവസ്ഥകളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. എ.ഡി.ബിയുടെ ഏഷ്യാ പസഫിക് കാലാവസ്ഥാ റിപ്പോർട്ടി​ന്‍റെ ആദ്യ പതിപ്പിൽ അവതരിപ്പിച്ച ഇതുമായി ബന്ധപ്പെട്ട പഠനം നിരവധി പ്രത്യാഘാതങ്ങളുടെ രൂപരേഖ മുന്നോട്ടുവെക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായി തുടരുകയാണെങ്കിൽ ഏഷ്യാ പസഫിക് മേഖലയിലെ 300 ദശലക്ഷം ആളുകളെ പ്രളയം ബാധിക്കുമെന്നും 2070ന് മുമ്പ് ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള തീരദേശ ആസ്തികൾക്ക് വാർഷിക നാശനഷ്ടങ്ങൾ നേരിടേണ്ടിവരുമെന്നും റി​പ്പോർട്ട് സൂചിപ്പിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ, ഉഷ്ണതരംഗങ്ങൾ, മേഖലയിലെ വെള്ളപ്പൊക്കം എന്നിവയിൽ നിന്നുള്ള നാശത്തെ അധികരിപ്പിച്ചു. ഇത് അഭൂതപൂർവമായ സാമ്പത്തിക വെല്ലുവിളികളിലേക്കും മനുഷ്യരുടെ കഷ്ടപ്പാടുകളിലേക്കും സംഭാവന നൽകിയതായും എ.ഡി.ബി പ്രസിഡന്‍റ് മസാത്‌സുഗു അസകാവ പറഞ്ഞു. അവശ്യസാഹചര്യങ്ങളിൽ എങ്ങനെ ധനസഹായം നൽകാമെന്നും വികസ്വര രാജ്യങ്ങളിലെ ഗവൺമെന്‍റുകൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഹരിതഗൃഹ വാതക ബഹിർഗമനം എങ്ങനെ വെട്ടിക്കുറക്കാം എന്നതിനെക്കുറിച്ചും ആശാവഹമായ നയ-നിർദേശങ്ങൾ ഈ റിപ്പോർട്ടിൽ ഉൾ​കൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, വിയറ്റ്നാം, ഇന്തോനേഷ്യ, ഉയർന്ന വരുമാനമുള്ള തെക്കുകിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യയുടെ ബാക്കി ഭാഗങ്ങൾ, പസഫിക്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് ഈ നഷ്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകജനസംഖ്യയുടെ 60ശതമാനം ഏഷ്യാ പസഫിക്കിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് അനുസരിച്ച് വിലയിരുത്തിയ രാജ്യങ്ങളിലും ഉപപ്രദേശങ്ങളിലും 2000 മുതൽ ആഗോള ഹരിതഗൃഹ വാതക പുറന്തള്ളൽ വർധിച്ചതിന് പ്രധാന കാരണം ഏഷ്യയിലെ വികസനമാണ്. വികസിത സമ്പദ്‌വ്യവസ്ഥകൾ 20ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളി. എന്നാൽ 21ാം നൂറ്റാണ്ടി​ന്‍റെ ആദ്യ രണ്ട് ദശകങ്ങളിൽ വളർന്നുവരുന്ന ഏഷ്യ മറ്റേതൊരു ഭൂഭാഗത്തേക്കാളും അതി​ന്‍റെ ആക്കം കൂട്ടിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൽഫലമായി ആഗോള കാർബൺ ബഹിർഗമനത്തി​ൽ മേഖലയുടെ പങ്ക് 2000ലെ 29.4 ശതമാനത്തിൽ നിന്ന് 2021ൽ 45.9 ശതമാനമായി ഉയർന്നു. 2021ലെ ആഗോള കാർബൺ ബഹിർഗമനത്തി​ന്‍റെ 30 ശതമാനവും സംഭാവന ചെയ്‌തത് ചൈനയാണെന്നും എ.ഡി.ബി റിപ്പോർട്ട് പറയുന്നു.

വർധിച്ചുവരുന്ന തീവ്രമായ കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഈ മേഖലയിൽ കൂടുതൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. വനവിസ്തൃതി കുറക്കുന്നതിലൂടെ ഇതി​ന്‍റെ ഫലങ്ങൾ കൂടുതൽ വഷളാകും. പുതിയ കാലാവസ്ഥാ വ്യവസ്ഥകളെ നേരിടാൻ കഴിയാതെ വനങ്ങൾ നശിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 2070ഓടെ ഏഷ്യയിലും പസഫിക്കിലും നദികളിലെ വെള്ളപ്പൊക്കത്തിൽനിന്ന് ട്രില്യൺ കണക്കിന് ഡോളറി​ന്‍റെ വാർഷിക മൂലധന നാശം സംഭവിക്കുമെന്ന് പ്രമുഖ മോഡലുകൾ വെച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് നിലവിൽ പ്രതിവർഷം 110 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു. ഏറ്റവും കൂടുതൽ ബാധിതരായ വ്യക്തികളും നാശനഷ്ടങ്ങളുടെ ചെലവും ഇന്ത്യയിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ പാർപ്പിട നഷ്ടങ്ങളാണ് പ്രധാനം.

LEAVE A REPLY

Please enter your comment!
Please enter your name here