ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണം: ഇമ്മാനുവല്‍ മാക്രോണ്‍

0
89

പാരിസ്: യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ഗസ്സയില്‍ ഇസ്രായേലിന്‍റെ നരനായാട്ടിന് അറുതിയായിട്ടില്ല. നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ട് അധിനിവേശ രാഷ്ട്രം ക്രൂരത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ എന്ന ആവശ്യം ലോകം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇസ്രായേലിന് ആയുധം നൽകുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഒരു രാഷ്‌ട്രീയ പരിഹാരത്തിനാണ് ഇപ്പോള്‍ നാം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് ആര്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്നും മാക്രോണ്‍ അറിയിച്ചു. ഫ്രാന്‍സ് ഇന്‍റര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധങ്ങള്‍ നല്‍കിയാല്‍ അത് ദുരുപയോഗത്തിനുള്ള അനുവാദം ആകുമെന്ന് മാക്രോണ്‍ വ്യക്തമാക്കി. നടപടിയില്‍ മാറ്റമില്ലെന്നും കൂട്ടക്കുരുതിയെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഫ്രാന്‍സ്.

പാരീസിൽ നടന്ന ഉച്ചകോടിയിൽ, വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗസ്സയില്‍ സംഘർഷം തുടരുന്നതിനെക്കുറിച്ചുള്ള തൻ്റെ ആശങ്ക ഫ്രഞ്ച് പ്രസിഡൻ്റ് ആവർത്തിച്ചു. കൂടാതെ ലബനാനിലേക്ക് കരസേനയെ അയക്കാനുള്ള ഇസ്രായേലിൻ്റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. തങ്ങള്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. ഇതൊരു വലിയ തെറ്റാണ്. ഇസ്രയേലിന്‍റെ സുരക്ഷയടക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷം വിദ്വേഷത്തിലേക്ക് നയിക്കും. ലബനാനിലെ സ്ഥിതി വഷളാകാന്‍ അനുവദിച്ച് കൂടാ. ലെബനന്‍ മറ്റൊരു ഗസ്സ ആയിക്കൂടാ. ഇസ്രയേല്‍ ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയാന്‍ പോകുകയാണെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരുടെ പിന്തുണയില്ലെങ്കിലും ഇസ്രായേല്‍ വിജയിക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം. ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനൊപ്പം നിൽക്കാത്ത ഏതൊരു രാജ്യവും ഇറാനെയും സഖ്യകക്ഷികളെയും പിന്തുണയ്ക്കുകയാണെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് ചൂണ്ടിക്കാട്ടി. “ഇറാൻ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേൽ പോരാടുമ്പോൾ, എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇസ്രായേലിൻ്റെ പക്ഷത്ത് ഉറച്ചുനിൽക്കണം” നെതന്യാഹു പറഞ്ഞു. “എന്നിട്ടും, പ്രസിഡൻ്റ് മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇപ്പോൾ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നു. അവരെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫ്രാന്‍സ് ഇസ്രായേലിന്‍റെ ഉറച്ച സുഹൃത്താണെന്ന് ‘മാക്രോണിന്‍റെ ഓഫീസ് പിന്നീട് പ്രതികരിച്ചു. എന്നാല്‍ നെതന്യാഹുവിന്‍റെ പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും ചൂണ്ടിക്കാട്ടി. ഹിസ്ബുല്ല ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ പോരാട്ടം ലബനാനെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും മുഴുവൻ മിഡിൽ ഈസ്റ്റിലും സ്ഥിരതയുണ്ടാക്കാനും സഹായിക്കുമെന്ന് ഞായറാഴ്ച ടെലിഫോൺ സംഭാഷണത്തിനിടെ നെതന്യാഹു ഫ്രഞ്ച് പ്രസിഡൻ്റിനോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഇസ്രായേലിൻ്റെ സുഹൃത്തുക്കൾ ഇതിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഇറാൻ്റെ തിന്മയുടെ അച്ചുതണ്ടിനെ ശക്തിപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്,” നെതന്യാഹു സംഭാഷണത്തിനിടെ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇമ്മാനുവൽ മാക്രോൺ ഇസ്രായേലിൻ്റെ സുരക്ഷയിൽ തൻ്റെ രാജ്യത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച് സ്ഥിരീകരിച്ചതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.

ഗസ്സ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രായേലിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുകയാണ്. ലണ്ടനിൽ നടന്ന ഇസ്രായേൽ വിരുദ്ധ പ്രകടനത്തിൽ അരലക്ഷത്തോളം പേരാണ് അണിനിരന്നത്. വാഷിങ്ടൻ, ന്യൂയോർക്ക് സിറ്റി, പാരിസ്, ബർലിൻ, റോം, മനില, മെക്സിക്കോ സിറ്റി തുടങ്ങിയ ലോകനഗരങ്ങളിലെല്ലാം പതിനായിരങ്ങൾ ഫലസ്തീനുവേണ്ടി തെരുവിലിറങ്ങി. അതേസമയം ലബനാനിലും ആക്രമണം കടുക്കുകയാണ്. തിങ്കളാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തില്‍ ശക്തമായ സ്ഫോടന പരമ്പരയുണ്ടായി. ബെയ്റൂത്തിലെ നിരവധി ഹിസ്ബുല്ല രഹസ്യാന്വേഷണ കേന്ദ്രങ്ങളിലും ആയുധ സംഭരണ ​​കേന്ദ്രങ്ങളിലും വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. പ്രദേശത്ത് ഇസ്രായേൽ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here