മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

0
42

ന്യൂഡല്‍ഹി: മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് ബോര്‍ഡോ വഖ്ഫ് സ്വത്തുക്കളോ ഇല്ലെന്ന തെറ്റായ വിവരം നല്‍കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുകയുംചെയ്ത സാഹചര്യത്തില്‍ ബില്ല് സംബന്ധിച്ച് പി.ഐ.ബി നല്‍കിയ വിശദീകരണത്തിലാണ് തെറ്റായ വിവരം ഉള്‍പ്പെടുത്തിയത്. ചോദ്യോത്തരങ്ങളായി നല്‍കിയ വിശദീകരണക്കുറിപ്പിലെ അഞ്ചാമത്തെ ചോദ്യം ഇങ്ങനെയാണ്.

എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലും വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടോ?

അതിനുള്ള ഉത്തരം പി.ഐ.ബി നല്‍കിയിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇല്ല, എല്ലാ ഇസ്!ലാമിക രാജ്യങ്ങളിലും വഖ്ഫ് സ്വത്തുക്കള്‍ ഇല്ല. തുര്‍ക്കി, ലിബിയ, ഈജിപ്ത്, സുദാന്‍, സിറിയ, ജോര്‍ദാന്‍, തുണീഷ്യ, ഇറാഖ് പോലുള്ള ചില രാജ്യങ്ങളില്‍ വഖ്ഫുകളില്ല. എന്നാല്‍ ഇന്ത്യയില്‍ വഖ്ഫ് ബോര്‍ഡുകള്‍ ഉണ്ടെന്ന് മാത്രമല്ല വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കാനുള്ള നിയമങ്ങളും ഉണ്ട്.’

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ പി.ഐ.ബിയാണ്, സര്‍ക്കാരിന്റെ നയങ്ങളും വാര്‍ത്തകളും പദ്ധതികളും സംബന്ധിച്ച് അച്ചടി, ഓണ്‍ലൈന്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് വിതരണംചെയ്യുന്നത്. മലയാളത്തിലുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും പി.ഐ.ബിക്ക് എഡിഷനുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here