അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് പ്രതികരണം

0
66

മലപ്പുറം: ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുപോലത്തെ പിആർ ഏജൻസിയുമായി മുന്നോട്ടു പോയാൽ ഒരു അൻവർ മാത്രമല്ല കൂടുതൽ പേർ എൽഡിഎഫിൽ നിന്ന് പുറത്തു വരുമെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു. ഈ വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്സഭ ഫലം തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പിആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് ഗൗരവം കൂട്ടുന്നു. ബിജെപി ഉപയോഗിക്കുന്ന ആയുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. അൻവർ പി. ശശിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാൻ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി ‘ദി ഹിന്ദു’ ദിനപത്രം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ‘ദി ഹിന്ദു’ അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും ‘ദി ഹിന്ദു’ അറിയിച്ചു. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. മലപ്പുറം പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ല. ആ പരാമർശം പിആർ ഏജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണ്. മുമ്പ് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞതാണെന്ന് ഏജൻസി പ്രതിനിധി പറഞ്ഞു. ഇത് അതേപടി ഉൾപ്പെടുത്തിയത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here