അഞ്ച് ഓവറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് നവംബറിൽ; ഇന്ത്യയും കളിക്കും

0
159

ഏഴ് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് ക്രിക്കറ്റ് സി​ക്സസ് തിരിച്ചുവരുന്നു. അഞ്ച് ഓവറാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. ഇന്ത്യയും ടൂർണമെന്റിന്റെ ഭാ​ഗമാകുമെന്ന് ഹോങ്കോങ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ ഔദ്യോ​ഗികമായി അറിയിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ടൂർണമെന്റ് നടക്കുക.

അന്താരാഷ്ട്ര തലത്തിൽ ട്വന്റി 20യ്ക്കും ടി10 നും മുമ്പേ അഞ്ച് ഓവറിന്റെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉണ്ടായിരുന്നു. 1992ലാണ് ഈ ടൂർണമെന്റ് ആദ്യം നടന്നത്. 1997 വരെ സ്ഥിരമായി ഈ ടൂർണമെന്റ് നടന്നിരുന്നു. എന്നാൽ പിന്നീട് നാല് വർഷത്തെ ഇടവേളയുണ്ടായി. 2001ൽ വീണ്ടും ഹോങ്കോങ് ക്രിക്കറ്റ് സിക്സസ് തിരിച്ചുവന്നു. പിന്നീട് 2012 വരെ ടൂർണമെന്റ് സ്ഥിരമായി നടത്തി. പിന്നീട് 2017ൽ ഒരിക്കൽ കൂടി നടന്ന ടൂർണമെന്റ് വീണ്ടും ഇടവേളയിലായി. 2012ലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ് സിക്സസ് കളിച്ചത്. അഞ്ച് തവണ വീതം ഇം​ഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഹോങ്കോങ് സിക്സസ് ചാംപ്യന്മാരായി. നാല് തവണ പാകിസ്താനും ചാംപ്യൻഷിപ്പ് നേടിയിട്ടുണ്ട്. 2005ൽ റോബിൻ സിങ് നയിച്ച ഇന്ത്യൻ ടീമിന് മാത്രമാണ് ഈ ടൂർണമെന്റിൽ കിരീടം നേടാനായത്.

സാധാരണ ക്രിക്കറ്റിൽ നിന്ന് വ്യത്യസ്തമാണ് ഹോങ്കോങ് സിക്സസിലെ നിയമങ്ങൾ. ഒരു മത്സരത്തിന് 45 മിനിറ്റാണ് ദൈർഘ്യം. ഓരോ ടീമിലും ആറ് താരങ്ങൾ ഉണ്ട്. വിക്കറ്റ് കീപ്പർ ഒഴികെ അഞ്ച് താരങ്ങൾക്കും ഓരോ ഓവർ പന്തെറിയാം. 31 റൺസെടുത്താൽ ബാറ്റ‍ർ നിർബന്ധമായും റിട്ടയർ ഹർട്ട് ചെയ്യണം. മറ്റ് ബാറ്റർമാർ ഔട്ടോ റിട്ടയർ ഹർട്ട് ആകുകയോ ചെയ്താൽ ആദ്യം റിട്ടയർ ഹർട്ട് ചെയ്ത ബാറ്റർക്ക് തിരിച്ചുവരാം. അഞ്ച് ബാറ്റർമാർ ഔട്ടായാൽ ഒരാൾക്ക് ഒറ്റയ്ക്ക് ബാറ്റ് ചെയ്യാൻ കഴിയും. വൈഡിനും നോബോളിനും രണ്ട് റൺസ് വീതം ലഭിക്കും. വൈഡ് ലൈൻ സ്റ്റമ്പിനോട് വളരെ ചേർന്നിരിക്കുന്നതിനാൽ മിക്ക പന്തുകളും സ്റ്റമ്പിന് നേരെയാവും എത്തുക. ഒരോവറിലെ ആറ് പന്തും സിക്സ് അടിക്കുന്നത് ഈ ടൂർണമെന്റിൽ സാധാരണ സംഭവം മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here