മാതാവും പിതാവുമില്ല,16ാം വയസില്‍ കുടുംബ നാഥന്‍; 18ാം വയസില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍… പോരാട്ടത്തിന്റെ പേരാണ് മുഹമ്മദ് അമന്‍

0
168

ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മനക്കരുത്ത് കൊണ്ട് നേരിട്ട മുഹമ്മദ് അമന്‍ എന്ന 18 കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. ചെറുപ്പം മുതല്‍ താണ്ടിയ കനല്‍പഥങ്ങളെയെല്ലാം പുഷ്പങ്ങളായി സ്വീകരിച്ച അമന്റെ പോരാട്ടവീര്യം കൊണ്ടുമാത്രമായിരുന്നു താരത്തിന് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ അമന് കഴിഞ്ഞ പോയ ഓര്‍മകളെല്ലാം ഉള്ളംപൊള്ളിക്കുന്നതാണ്. 16ാം വയസില്‍ അസുഖം കാരണം പിതാവ് മെഹ്താബ് മരിക്കുന്നു. ഇതോടെ മൂന്ന് ഇളയ സഹോദരങ്ങളുടെയും മാതാവിന്റെയും ഉത്തരവാദിത്തം അമന്റെ തോളിലായി. എന്നാല്‍ അധികം വൈകാതെ 2022ല്‍ കൊവിഡ് കാരണം മാതാവും മരിച്ചതോടെ പരിപൂര്‍ണമായ അനാഥ ബാല്യം. മുന്നോട്ടുള്ള വഴിയില്‍ ഇരുട്ടും മുള്ളും കല്ലും മാത്രം.

എന്നാല്‍ തളരാന്‍ തയ്യാറാകാത്ത മുഹമ്മദ് അമന്‍ ഇന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. അടുത്ത മാസം പുതുച്ചേരിയില്‍ നടക്കുന്ന ആസ്ത്രേലിയക്കെതിരേയുള്ള മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ നയിക്കുന്നത് അമനാണ്. ഏറെക്കാലം കയ്പുനീര്‍ കുടിക്കേണ്ടി വന്ന ജീവിതത്തില്‍നിന്ന് താന്‍ ഏറെ സ്വപ്നം കണ്ടിരുന്ന ക്രിക്കറ്ററാവുക എന്ന സ്വപ്നത്തിലേക്ക് സിക്സര്‍ പായിച്ച കഥ അമന്‍ ഗദ്ഗദത്തോടെയാണ് ഓര്‍ക്കുന്നത്. ഏറെക്കാലം അസുഖ ബാധിതനായിരുന്ന പിതാവ് മെഹ്താബ് മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു.

ഒരു സഹോദരിയുടെയും രണ്ട് സഹോദരന്‍മാരുടെയും ജീവിതം നോക്കേണ്ട ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വന്നപ്പോള്‍ വയസ് 16. മുന്നില്‍ ക്രിക്കറ്റെന്ന സ്വപ്നം കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്നു. മറുവശത്ത് ജീവിതമെന്ന യാഥാര്‍ത്യം. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകള്‍. കുടംബം പോറ്റാന്‍ ചെറിയ ജോലികള്‍ ചെയ്തു നോക്കി. പക്ഷെ അപ്പോഴും ക്രിക്കറ്റിനെ കൈവിട്ടില്ല.

 

 

എന്നാല്‍ അധികം വൈകാതെ മാതാവ് സൈബയും മരിക്കുന്നു. മുന്നിലുള്ള വഴിയില്‍ വീണ്ടും കൂരിരുട്ട് പരക്കുന്നു. ഇനി ക്രിക്കറ്റെന്ന സ്വപ്നം നടക്കുമോ എന്നറിയില്ല. മൂന്ന് സഹോദരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ. ഈ സമയത്ത് അമനെ ക്രിക്കറ്റ് പരിശീലിപ്പിച്ചിരുന്ന രാജീവ് ഗോയലിനെ കണ്ട് അമന്‍ ഒരു കാര്യം പറഞ്ഞു. ” എനിക്ക് നിങ്ങള്‍ ഏതെങ്കിലുമൊരു തുണിക്കടയില്‍ ജോലി ശരിയാക്കിത്തരണം. കുടുംബത്തെ നോക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല” എന്നാല്‍ ഇതുകേട്ട പരിശീലകന്‍ രാജീവ് പറഞ്ഞത് ഇപ്രാകരമായിരുന്നു. ” നീ ഇപ്പോള്‍ എന്റെ കൂടെ വരൂ, ഇവിടെ വരുന്ന ചെറിയ കുട്ടികള്‍ക്ക് പരിശീലനം നല്‍കൂ” എന്നായിരുന്നു പരിശീലകന്‍ മറുപടി നല്‍കിയത്. ഇതുകേട്ട അമന്‍ വീണ്ടും പരിശീലനം തുടരാന്‍ തീരൂമാനിച്ചു.

ചില ബന്ധക്കാരെല്ലാം സാമ്പത്തികമായി സഹായിച്ചതോടെ ചെറിയ ആശ്വാസമായി. എന്നാല്‍ മുന്നിലെ ഇരുള്‍ പരന്ന വഴികളില്‍ തെളിച്ചം വന്നില്ല. ഈയിടെയായിരുന്നു ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്. അവിടെ നിന്നായിരുന്നു അമനിലെ ക്രിക്കറ്റുടെ ജീവിതം മാറി മറിയുന്നത്. ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ ടോയ്ലറ്റിന് സമീപം ഇരുന്ന് ട്രെയിന്‍ യാത്ര. വിശന്നുകൊണ്ട് ഉറങ്ങിയ രാത്രികള്‍, പച്ച വെള്ളം പോലും തേനിനെക്കാള്‍ രുചി തോന്നിയ നിമിഷങ്ങള്‍. ആദ്യ നാളുകള്‍ അമന്‍ ഓര്‍ത്തെടുക്കുന്നു. ഇപ്പോള്‍ ഞാന്‍ വിമനത്തിലാണ് യാത്ര ചെയ്യുന്നത്. എനിക്ക് കളിച്ച് ലഭിക്കുന്ന ഓരോ തുകയും എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കുന്നു. വീട് നിര്‍മിക്കാന്‍ ചിലവഴിക്കുന്നു. ഈ സമയത്ത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ എന്റെ പിതാവിന്റെ വാക്കുകള്‍ ചെവികളില്‍ വന്ന് തട്ടിക്കൊണ്ടിരിക്കുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് പിതാവിന് ഒരിക്കലും ഇഷ്ടമല്ലായിരുന്നു. ” ക്രിക്കറ്റെല്ലം ധനികരുടെ വിനോദമാണ്. ദരിദ്രര്‍ക്ക് ഇതുകൊണ്ട് ഒരു കാര്യവുമില്ല” ഇപ്പോള്‍ ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പിതാവിന്റെ ഈ വാക്കുകള്‍ എന്റെ ചെവികളെ പൊള്ളിക്കുന്നു. ഈ നേട്ടം കൈവരിച്ചത് കാണാന്‍ പിതാവ് ഇല്ലാത്തിന്റെ സങ്കവം വല്ലാതെയുണ്ട്. അമന്‍ തേങ്ങുന്നു.

വിനു മങ്കാദ് ട്രോഫിയില്‍ യു.പിയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ച അമന്‍ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. എട്ട് ഇന്നിങ്സുകളില്‍നിന്നായി നാലു അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 363 റണ്‍സ് നേടി. 98 ശരാശരിയില്‍ 294 റണ്‍സ് നേടിയ അണ്ടര്‍ 19 ചലഞ്ചര്‍ സീരീസിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി. ഈ വര്‍ഷം ആദ്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ സ്റ്റാന്‍ഡ് ബൈ ആയിരുന്നു. പിതാവിന് ജോലി നഷ്ടപ്പെട്ടപ്പോള്‍ വീട് വില്‍ക്കേണ്ടി വന്നു.

ആ പണംകൊണ്ടായിരുന്നു പിന്നീട് ജീവിതച്ചിലവ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്റെ നേട്ടം കാണാന്‍ എന്റെ മാതാപിതാക്കളില്ല” അമന്റെ കണ്ണുകള്‍ നിറഞ്ഞു. ” ഏറ്റവും അച്ചടക്കമുള്ള കളിക്കാരനാണ് അമന്‍, കളിയുടെ മൂല്യം അവനറിയാം. അതിനാല്‍ സമപ്രായക്കാരെപ്പോലെ കളിയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ അവന്‍ തയ്യാറായില്ല. ദിവസവും എട്ട് മണിക്കൂര്‍ അമന്‍ ഗ്രൗണ്ടിലുണ്ടാകുമായിരുന്നു. അതിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ അവന്‍ അനുഭവിക്കുന്ന്ത്, പരിശീലകന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here