ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍; ബിഎസ്എന്‍എല്ലിന് വസന്തകാലം, ജിയോയും എയര്‍ടെല്ലും വിഐയും പിന്നോട്ട്

0
74

ദില്ലി:സമീപകാലത്ത് ലോട്ടറിയടിച്ച ടെലികോം സേവനദാതാക്കള്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ തന്നെ. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം (ജൂലൈ) 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് കിട്ടിയത് എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

4ജി വൈകിയതും നെറ്റ്‌വര്‍ക്കിന്‍റെ വേഗമില്ലായ്‌മയും ബിഎസ്എന്‍എല്ലില്‍ നിന്ന് കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായി ആളുകളെ അകറ്റിയിരുന്നു. എന്നാല്‍ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ ജൂലൈ ആദ്യം വര്‍ധിപ്പിച്ചതിന് ശേഷം ആ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. നിരക്കുകള്‍ കൂട്ടാതെ മാറിനിന്ന ബിഎസ്എന്‍എല്ലിന്‍റെ നീക്കം ഫലം കാണുകയായിരുന്നു.

ജൂണില്‍ ബിഎസ്എന്‍എല്ലിന് ഏഴ് ലക്ഷത്തിലേറെ ഉപഭോക്താക്കളെ നഷ്‌ടമായിരുന്നു. എന്നാല്‍ ജൂലൈയില്‍ 29 ലക്ഷം പേരെ പുതുതായി ചേര്‍ത്ത് ബിഎസ്എന്‍എല്‍ ഞെട്ടിച്ചു. അതേസമയം ജൂണില്‍ 19.1 ലക്ഷം പുതിയ യൂസര്‍മാരെ ആകര്‍ഷിച്ചിരുന്ന ജിയോയ്ക്ക് നിരക്കുകള്‍ കൂട്ടിയതിന് ശേഷം ജൂലൈയില്‍ ഏഴ് ലക്ഷം ഉപഭോക്താക്കളെ നഷ്‌ടമായി. ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് എയര്‍ടെല്ലിനാണ്. ജൂണില്‍ 12.5 ലക്ഷം യൂസര്‍മാരെ അധികമായി ലഭിച്ച എയര്‍ടെല്ലിന് ജൂലൈയില്‍ 16.9 ലക്ഷം യൂസര്‍മാരെ നഷ്ടമായി. വിഐക്ക് ജൂലൈയില്‍ 14 ലക്ഷം യൂസര്‍മാരെയും നഷ്ടമായി എന്നാണ് കണക്ക്. ജൂണിലും വിഐക്ക് യൂസര്‍മാരെ നഷ്‍ടമായിരുന്നു. ജൂണ്‍ മാസം 8.6 ലക്ഷം യൂസര്‍മാരാണ് വിഐ ഉപേക്ഷിച്ചത്.

ജൂലൈ 3-4 തിയതികളാലായാണ് വിവിധ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും 21 ശതമാനവും ജിയോ 12-25 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here