നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍; തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു

0
106

നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സോണിയ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സോണിയ മല്‍ഹാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.

തൊടുപുഴയിലെ ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് നടി രംഗത്തെത്തിയത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റില്‍ പോയി തിരികെ വരുന്ന വഴി സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു എന്നാണ് സോണിയ വെളിപ്പെടുത്തിയത്. 2013ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു.

ആദ്യമായാണ് അയാളെ കാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാന്‍ ആദ്യം പേടിച്ചുപോയി. അയാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചു എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. ഞാന്‍ നോക്കിക്കോളാം, സിനിമയില്‍ ഒരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു എന്നാണ് സോണിയ പറയുന്നത്.

അതേസമയം, പിന്നീട് ആ താരം മാപ്പ് പറഞ്ഞതായും സോണിയ വ്യക്തമാക്കി. ഒരു നിമിഷത്തില്‍ അങ്ങനെ തോന്നിയതാണ് എന്ന് പറഞ്ഞ് ഇയാള്‍ തന്നോട് ക്ഷമാപണം നടത്തി. ഞാന്‍ ആളുടെ പേര് പറയുന്നില്ല. അയാള്‍ ഇപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.

ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിന് പിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തു പറയാതിരിക്കാന്‍ പറ്റില്ലെന്ന് തോന്നി. ഒരാളെ പെര്‍മിഷന്‍ ഇല്ലാതെ കയറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണെന്നും സോണിയ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here