അവിശ്വസനീയം; ആഗ്ര – മുംബൈ ഹൈവേയില്‍ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറൽ

0
176

തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തുടക്കകാലത്തും ഇന്ത്യയിലെ ദീര്‍ഘദൂര ദേശീയ പാതകളിലൂടെ പോകുന്ന വലിയ ലോറികളില്‍ നിന്നും മോഷണം പതിവാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം വാര്‍ത്തകളോടൊപ്പം പലപ്പോഴും ലോറി ഡ്രൈവര്‍മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് സമീപ കാലം വരെ അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതായി. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലൂടെ കടന്ന് പോകുന്ന  ആഗ്ര – മുംബൈ ഹൈവേയിലൂടെ ഓടുന്ന ഒരു ട്രക്കില്‍ നിന്നും സാഹസികമായി മോഷണം നടത്തുന്ന മൂന്ന് യുവാക്കളെ കാണിച്ചു. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന രീതിയിലായിരുന്നു മോഷണം.

ആഗ്ര – മുംബൈ ഹൈവേയിലൂടെ ഓടുന്ന ട്രക്കില്‍ നിന്നും ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. Peoples Samachar എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു ഗുഡ് കാരിയര്‍ ലോറിയുടെ മുകളില്‍ നിന്ന് രണ്ട് പേര്‍ സാധനങ്ങളുടെ ഒരു വലിയ കെട്ട് റോഡിലേക്ക് വലിച്ചെറിയുന്നത് കാണാം. പിന്നാലെ ഒന്നിന് പുറകെ ഒരാളെന്ന തരത്തില്‍ രണ്ട് പേരും ലോറിയില്‍ നിന്നും ലോറിക്ക് പിന്നാലെ വരുന്ന ബൈക്കിന്‍റെ പുറകിലേക്ക് അതിസാഹസികമായി ഇറങ്ങിവന്ന് ഇരിക്കുന്നു. ഈ സമയം ലോറി മുന്നോട്ട് പോവുകയും ബൈക്ക് റോഡിന്‍റെ ഒരു വശത്തേക്ക് തിരിയുകയും ചെയ്യുന്നതും കാണാം. മോഷ്ടാക്കള്‍ക്ക് തൊട്ട് പുറകിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയത്.

ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. അപകടകരമായ മോഷണത്തെ കുറിച്ച് നിരവധി പേര്‍ ആശങ്കപ്പെട്ടു. ‘ട്രക്ക് ഡ്രൈവർക്ക് മോഷ്ടാക്കളുടെ നരകം തകർക്കാൻ ബ്രേക്ക് പ്രയോഗിക്കാമായിരുന്നു.’ട്രക്ക് ഡ്രൈവർക്ക് മോഷ്ടാക്കളുടെ നരകം തകർക്കാൻ ബ്രേക്ക് ഉപയോഗിക്കാമായിരുന്നു.’ എന്ന് ഒരു കാഴ്ചക്കാരനെഴുതി. ‘അടുത്ത ദിവസം സിറ്റി സെന്‍ററിന് സമീപം: ‘സഹോദര, ഇത് ആപ്പിൾ ഹെഡ്‌ഫോണുകളാണ്. 90 % കിഴിവിൽ വേണോ?’ എന്ന് ചോദിക്കുന്നവരെ കാണാം’ എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. നിരവധി പേര്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് വീഡിയോ ടാഗ് ചെയ്തു. മറ്റ് ചില കാഴ്ചക്കാര്‍ ‘ട്രക്ക് ഡ്രൈവര്‍ അറിയതെ ഇത്തരമൊരു മോഷണം സാധ്യമാണോയെന്ന് സംശയം പ്രകടിപ്പിച്ചു.’ ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒന്നേകാല്‍ ലക്ഷം പേരിലധികം കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here