‘കുറഞ്ഞ ചിലവിൽ ഗൾഫിലെത്താം, പ്രവാസികളുടെ ആ സ്വപ്‌നം ഉടൻ യാഥാര്‍ത്ഥ്യം’; കപ്പൽ സർവീസ് ചർച്ച വിജയകരമെന്ന് വാസവൻ

0
122

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് താല്‍പര്യപത്രം സമര്‍പ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോര്‍ഡ് അധികൃതര്‍ നടത്തിയ ചര്‍ച്ച വിജയകരമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കേരളത്തിനും ഗള്‍ഫിനുമിടയില്‍ കുറഞ്ഞ ചെലവില്‍ കപ്പല്‍ സര്‍വീസ് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

വിഎന്‍ വാസവന്‍ പറഞ്ഞത്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസണ്‍ കാലത്തെ ഗള്‍ഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദല്‍ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഗള്‍ഫിനും കേരളത്തിനുമിടയില്‍ ഒരു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതിനായി സര്‍ക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27ന് കൊച്ചിയില്‍ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ടൂറിസം വകുപ്പ്, നോര്‍ക്ക ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു 4 കമ്പനികളാണ് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത്. തുടര്‍ നടപടികളുടെ ഭാഗമായി താല്‍പര്യപത്രം സമര്‍പ്പിച്ച കമ്പനികളെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോര്‍ഡ് അധികൃതര്‍ നടത്തിയ ചര്‍ച്ച വിജയകരമാണ്. കേരളത്തിനും ഗള്‍ഫിനുമിടയില്‍ കപ്പല്‍ സര്‍വീസ് കുറഞ്ഞ ചെലവില്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here