സാമ്പത്തിക പ്രതിസന്ധിക്ക് കഞ്ചാവ് ‘മരുന്നാക്കാൻ’ പാകിസ്ഥാൻ, കൃഷി നിയമവിധേയമാക്കാൻ തീരുമാനം

0
99

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വർധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ, പാകിസ്ഥാൻ സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് പാസാക്കിയിരുന്നു. ഓർഡിനൻസ് പ്രകാരം കഞ്ചാവ് നിയന്ത്രണ നിയന്ത്രണ അതോറിറ്റി (സിസിആർഎ) രൂപീകരിക്കുകയും ചെയ്തു. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനാണ് അതോറിറ്റി രൂപീകരിച്ചത്. അതോറിറ്റിയിൽ 13 അംഗങ്ങൾ ഉൾപ്പെടും.

2020ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെയാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കാൻ ആദ്യം നിർദേശിച്ചത്.ആഗോള കഞ്ചാവ് വിപണിയിൽ പ്രവേശിക്കുന്നതിന് പാകിസ്ഥാൻ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പാകിസ്ഥാൻ കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി അൽ ജസീറയോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കഞ്ചാവ് വിപണനം പുതിയ ഊർജം നൽകിയേക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ കണക്കനുസരിച്ച് പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർരുകയും സാമ്പത്തിക വളർച്ച 1.9ശതമാനത്തിലെത്തുകയും ഒതുങ്ങുകയും ചെയ്തു. 2022 മെയ് മുതൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ‌ഈ വർഷം ആഗോള കഞ്ചാവ് വിപണി 64.73 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്. കഞ്ചാവിൻ്റെ ദുരുപയോഗം സാധ്യമാണ്, എന്നാൽ എഫിഡ്രിൻ (കുറഞ്ഞ രക്തസമ്മർദ്ദം ചികിത്സിക്കാൻ ഉപയോഗിക്കുന്നു) ഒരു ജീവൻ രക്ഷിക്കുന്ന മരുന്നാണെന്നും പാകിസ്ഥാൻ ഹെൽത്ത് കെയർ പ്രൊഫഷണൽ അഡ്നാൻ അമിൻ നിക്കി ഏഷ്യയോട് പറഞ്ഞു. അതേസമയം, കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും കൃഷിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവർക്കും കർശനമായ പിഴ ചുമത്തും. അനധികൃതമായി കഞ്ചാവ് കൈവശം വെക്കുന്നവരിൽ നിന്ന് ഒരു കോടി പിഴ ഈടാക്കും. കമ്പനികൾക്ക് ഒരു കോടി മുതൽ 20 കോടിവരെയാണ് പിഴ. ഖൈബർ പഖ്തൂൺഖ്‌വ മേഖലയിലെ അനധികൃത കഞ്ചാവ് കൃഷി തടയാൻ പുതിയ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തുന്നു. താബിലാൻ ഭരണത്തിലേറിയതുമുതൽ അഫ്​ഗാനിൽ കഞ്ചാവ് കൃഷി നിരോധിച്ചതും ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here