ആറാമത്തേതെങ്കിലും ആണ്‍കുട്ടി വേണം; സംശയം തീര്‍ക്കാന്‍ ഭാര്യയുടെ വയറുകീറി പരിശോധിച്ചു; പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി

0
144

ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവൂനില്‍ 2020 സെപ്റ്റംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബദാവൂന്‍ സ്വദേശി പന്നാലാലിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

പന്നാലാല്‍ വലിയ അന്ധവിശ്വാസിയായിരുന്നു. പന്നാലാലിനും ഭാര്യ അനിതാദേവിയ്ക്കും അഞ്ച് പെണ്‍കുട്ടികളായിരുന്നു. പ്രതി ഒരു ആണ്‍കുട്ടിയ്ക്കായി ദീര്‍ഘനാളായി കാത്തിരിപ്പിലായിരുന്നു. അനിതാദേവി വീണ്ടും ഗര്‍ഭിണിയായതോടെ പന്നാലാല്‍ ഒരു മന്ത്രവാദിയെ സന്ദര്‍ശിച്ചു. എന്നാല്‍ ഇത്തവണയും അനിത ഗര്‍ഭം ധരിച്ചത് പെണ്‍കുട്ടിയെയാണെന്ന് മന്ത്രവാദി ഉറപ്പിച്ച് പറഞ്ഞു.

ഇതോടെ അനിതയോട് ഗര്‍ഭം അലസിപ്പിക്കാന്‍ പ്രതി നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പ്രതി ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുട്ടിയാണോ എന്ന് ഉറപ്പിക്കാനായി അനിതയുടെ വയറുകീറിയത്. അരിവാള്‍ ഉപയോഗിച്ച് പ്രതി കൃത്യം നടത്തുകയായിരുന്നു. അനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലായിരുന്ന അനിതയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനിത രക്ഷപ്പെട്ടെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here