ശക്തമായ മഴ: ‘പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണം’, കണ്‍ട്രോള്‍ റൂം ആരംഭിച്ച് തദേശസ്വയംഭരണ വകുപ്പ്

0
99

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. നമ്പര്‍: 0471 2317 214.

മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

അതേസമയം, മെയ് മാസത്തില്‍ പെയ്ത കനത്ത മഴ, വേനല്‍മഴയില്‍ ഇതുവരെയുണ്ടായ കുറവ് നികത്തിയെന്നാണ് കണക്കുകള്‍. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. വരള്‍ച്ചാ സമാനമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോയതത്. റെക്കോര്‍ഡ് താപനിലയും രേഖപ്പെടുത്തി. എന്നാല്‍, മെയ് ആദ്യ ആഴ്ചക്ക് ശേഷം കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്ത് കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ മെയ് 22 വരെയുള്ള കണക്ക് പ്രകാരം 273 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു സംസ്ഥാനത്തു ഇതുവരെ 272.9 മി.മീ മഴ ലഭിച്ചു. ഇതില്‍ 90 ശതമാനത്തിലേറെ മെയ് മാസത്താണ് പെയ്തത്.

ഏപ്രില്‍ അവസാനിക്കുമ്പോള്‍ 62 ശതമാനമായിരുന്നു മഴക്കുറവ്. തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു. എന്നാല്‍ ഇടുക്കി ജില്ലയില്‍ ലഭിക്കേണ്ട മഴയില്‍ 34 ശതമാനം കുറവുണ്ടായി. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു. മെയ് മാസത്തില്‍ ഇതുവരെ 220.3 മി.മീ മഴ ലഭിച്ചു. 66 ശതമാനം അധികമഴയാണ് മെയ് മാസത്തില്‍ ലഭിച്ചത്. തിരുവനന്തപുരം (325 mm), പത്തനംതിട്ട (294 mm) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here