‘കൂട്ടം ചേര്‍ന്ന് വളഞ്ഞ് നായ്ക്കള്‍, അലറി വിളിച്ച് കുഞ്ഞ്…; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ ദൃശ്യം വൈറൽ

0
183

തെരുവ് നായ ആക്രമണം കേരളത്തിലെ തെരുവുകളില്‍ ഒരു പുതിമയുള്ള പ്രശ്നമല്ല. ഓരോ വര്‍ഷവും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സതേടുവന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തില്‍ മാത്രമല്ല, തെരുവ് നായ ശല്യം രൂക്ഷമായിട്ടുള്ളതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. Sukhie Brar എന്ന എക്സ് ഉപയോക്താവ് രണ്ട് കുരുന്നുകളെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്ന വീഡിയോ പങ്കുവച്ചപ്പോള്‍, ഒറ്റ ദിവസം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ എഴുതി,’ഒരു ദിവസം തെരുവ് നായ്ക്കളും ബന്ധുക്കള്‍, തെരുവ് പശുക്കളുടെ അമ്മമാര്‍, കാളയമ്മമാര്‍ എന്നിവരെ ഞങ്ങള്‍ ഇങ്ങെടുക്കും.’

സന്ധ്യമയങ്ങി, സ്ട്രീറ്റ് ലൈറ്റുകള്‍ തെളിഞ്ഞ മൂന്നും കൂടിയ ഒരു തെരുവിലെ സിസിടിവി ദൃശ്യമായിരുന്നു അത്. അടുത്ത വീട്ടിലേക്ക് പോകാനായി തെരുവിലേക്ക് ഇറങ്ങിയതായിരുന്നു രണ്ട് പെണ്‍കുട്ടികള്‍. കുട്ടികള്‍ തെരുവിന്‍റെ മധ്യത്തിലെത്താറായപ്പോള്‍ ഒരു ബൈക്ക് കുട്ടികളെ കടന്ന് പോയി. ബൈക്കിന്‍റെ വരവും പോക്കും ശബ്ദവും അവിടെവിടെയായി നിന്ന നായ്ക്കളുടെ ശ്രദ്ധ കുട്ടികളിലേക്കെത്താന്‍ കാരണമായി. കൂട്ടത്തിലെ ഒരു കുട്ടി സാധാരണ പോലെ നായ്ക്കളെ ശ്രദ്ധിക്കാതെ നടന്ന് പോയപ്പോള്‍ രണ്ടാമത്തെ കുട്ടിയുടെ ശ്രദ്ധമാറുകയും അവള്‍ അല്പനേരം ബൈക്ക് പോയ വഴിക്ക് നോക്കിയ ശേഷം തിരിച്ച് നോക്കിയപ്പോള്‍ കൂട്ടുകാരിക്ക് പകരം ഒരു തെരുവ് നായെയാണ് കണ്ടത്. ഭയന്ന് പോയ കുട്ടി ഓടി. കുട്ടി ഓടിയപ്പോള്‍ നായകള്‍ പുറകെ ഓടി. ഭയന്ന കുട്ടി തെരുവില്‍ വീണപ്പോഴേക്കും ഏതാണ്ട് അഞ്ചോളം നായ്ക്കള്‍ കുട്ടിയെ വളഞ്ഞിരുന്നു. അവളുടെ നിലവിളി കേട്ട് ഒരു സ്ത്രീ ഓടിയെത്തുകയും അവരുടെ നിലവിളിയില്‍ ഭയന്ന നായ്ക്കള്‍ ഓടിപ്പോവുകയും ചെയ്തു. ഈ സമയത്ത് മൂന്നാല് സ്ത്രീകള്‍ കൂടി സംഭവസ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാം.

പഞ്ചാബിലെ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഘുമർവിൻ പ്രദേശത്ത് ഇരുപതോളം പേരെ തെരുവ് നായ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വൈറലായതിന് പിന്നാലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ‘ഏതേലും നായ സ്നേഹികള്‍ ഈ ആക്രമണത്തെ ന്യായീകരിക്കുന്നുണ്ടോ?’ ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. തെരുവ് നായ്ക്കള്‍ക്കെതിരെ ദേശീയ ക്യാമ്പൈന്‍ തന്നെ സംഘടിപ്പിക്കണമെന്ന് ചിലര്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here