‘എൻ.ഡി.എ 220 സീറ്റ്‌പോലും കടക്കില്ല, 2019 അല്ല, കർണാടകയിലെ സ്ഥിതി മാറിയിട്ടുണ്ട്’; സിദ്ധരാമയ്യ

0
81

ബംഗളൂരു: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ 220 സീറ്റ്പോലും നേടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടാംഘട്ട പോളിങ് വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഇന്‍ഡ്യ മുന്നണിയുടെ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം സിദ്ധരാമയ്യ പ്രകടിപ്പിച്ചത്. 400 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഡി.ടിവിയോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

”ബി.ജെ.പിയും മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ജനതാദളും (സെക്കുലർ) തമ്മിലുള്ളത് അവിശുദ്ധ സഖ്യമാണ്. എന്താണ് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ. രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. രാജ്യത്തുടനീളവും പ്രത്യേകിച്ച് കർണാടകയിലും മോദി തരംഗം ഉണ്ടെന്ന് കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

”2019ലെ സാഹചര്യമല്ല കര്‍ണാടകയിലെ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. അന്ന് ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2024ല്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല എന്നത് ഇന്‍ഡ്യ സഖ്യത്തിന്റെ പോരായ്മയല്ല. തെരഞ്ഞെടുപ്പ് ഫലം എന്തായാലും തന്റെ സര്‍ക്കാറിനൊരു ഭീഷണിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ജനങ്ങൾ അസന്തുഷ്ടരാകുമ്പോൾ മാത്രമേ അസ്ഥിരത ഉണ്ടാകൂ. സ്ഥിരത എന്നാൽ 10 വർഷം അധികാരത്തില്‍ തുടരുക എന്നല്ല. ജനങ്ങൾ സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും ശാക്തീകരിക്കപ്പെടണം, എങ്കിൽ മാത്രമേ രാജ്യം സുസ്ഥിരമാണെന്ന് പറയാൻ കഴിയൂ- സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോദിയെക്കുറിച്ച്, എച്ച്‌.ഡി ദേവഗൗഡ പണ്ട് പറഞ്ഞതൊന്നും ആളുകൾ ഒരിക്കലും മറക്കില്ല. ഇപ്പോള്‍ എന്തിനാണ് സഖ്യമുണ്ടാക്കിയതെന്ന് ജനങ്ങള്‍ക്കറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here