കുളിരുതേടി വരുന്ന സഞ്ചാരികൾക്ക് നിരാശ; ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; മറികടന്നത് 1951ലെ റെക്കോർഡ്

0
82

ഊട്ടി: ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. ചെന്നൈ റീജ്യണൽ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്.  

വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ കനത്ത ചൂട് കാലത്ത് കുളിര് തേടിയാണ് ഊട്ടിയിലെത്തുന്നത്. എന്നാൽ ഊട്ടിയിൽ ഇപ്പോള്‍ പതിവുള്ള തണുപ്പില്ല. അതേസമയം ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ കുറവില്ല. ഊട്ടിയിലെ പ്രശസ്തമായ വാർഷിക പുഷ്‌പ്പോത്സവം മെയ് 10ന് തുടങ്ങും. തെരഞ്ഞെടുപ്പ് കാലമായതിനാൽ 10 ദിവസം നീളുന്ന പുഷ്‌പ്പോത്സവം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് സംഘടിപ്പിക്കുന്നത്. 

തമിഴ്നാട്ടിലെ പല ജില്ലകളിലും ഉഷ്ണതരംഗമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില സാധാരണയേക്കാൾ 5 ഡിഗ്രി വരെ ഉയർന്നു. ഈറോഡ്, ധർമപുരി തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. അൽപ്പം തണുപ്പ് തേടിയാണ്  സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവർ ഊട്ടിയിലോ കൊടൈക്കനാലിലോ എത്തുന്നത്. പക്ഷേ നിലവിൽ ഊട്ടിയിലും ചൂട് കൂടുകയാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here