ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടി; ഇപ്പോൾ

0
138

ന്യൂഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായി റിപ്പോർട്ട്. ഒരു വർഷം മുമ്പ് അദ്ദേഹത്തിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ആഗോള സമ്പന്നരുടെ പട്ടികയിലും അദ്ദേഹം ഇടംനേടിയിരുന്നു.

എന്നാൽ, ‘ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024’ അനസുരിച്ച് നിലവിൽ അദ്ദേഹത്തിന്റെ ആസ്തി പൂജ്യമാണ്. ബൈജൂസ് ആപ്പ് നേരിടുന്ന വിവിധ പ്രതിസന്ധികളാണ് ആസ്തി പൂജ്യത്തിലെത്താൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘ബൈജു രവീന്ദ്രൻ ഉൾപ്പെടെ കഴിഞ്ഞ വർഷത്തെ പട്ടികയിൽനിന്ന് നാല് പേർ മാത്രമാണ് ഇത്തവണ പുറത്തായത്. ബൈജൂസിന്റെ സ്ഥാപനം ഒന്നിലധികം പ്രതിസന്ധികളിൽ അകപ്പെടുകയും അതിന്റെ മൂല്യം ബ്ലാക്ക്‌റോക്ക് 1 ബില്യൺ ഡോളറായി കുറക്കുകയും ചെയ്തു. 2022ൽ അതിന്റെ ഏറ്റവും ഉയർന്ന മൂല്യം 22 ബില്യൺ ഡോളറായിരുന്നു’ -ഫോബ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. ശമ്പളം നൽകാൻ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം 500 പേരെ പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്.

നിക്ഷേപകരിൽ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നൽകാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ബൈജൂസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്നു ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ വോട്ട് ചെയ്തിരുന്നു.

സ്ഥാപനം കൊണ്ടുനടക്കാൻ ശേഷിയില്ലാത്തയാളാണ് ബൈജുവെന്ന് ആരോപിച്ച് കമ്പനിയിൽ ഓഹരിയുള്ള നാലുപേർ ബെംഗളൂരുവിലെ നാഷനൽ കമ്പനി ലോ ട്രിബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ചിട്ടുണ്ട്. 44കാരനായ മലയാളി വ്യവസായിയെയും കുടുംബത്തെയും കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിൽനിന്നും ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പുറത്താക്കണമെന്നാണ് ഇവർ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here