കർണാടകയിൽ ഇക്കുറി കോൺഗ്രസ് നേട്ടം കൊയ്യുമെന്ന് സർവേ; വിഭാഗീയത ബി.ജെ.പിക്ക് തിരിച്ചടിയാകും

0
100

ബെംഗളൂരു: രണ്ടു പതിറ്റാണ്ടായി ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയത്തിന്റെ രണ്ടക്കങ്ങളിലേക്ക് കടന്നു കയറാൻ കഴിഞ്ഞിട്ടില്ല കോൺഗ്രസിന്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യു​മ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നതാണ് പതിവു കാഴ്ചകൾ.

എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്നാണ് സൂചനകൾ. വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ വർഷം കർണാടകയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച നേട്ടംകൊയ്യുമെന്നാണ് കർണാടകയിലെ ന്യൂസ് പ്ലാറ്റ്ഫോമായ ‘ഈദിന’ നടത്തിയ സർവേയിൽ വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച വിജയം ഈദിന കൃത്യമായി പ്രവചിച്ചിരുന്നു.

കർണാടകയിൽ ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയും കോൺഗ്രസിന് തുണയാകുമെന്നാണ് കണക്കുകൂട്ടൽ. ആറു മാസം നേതാവില്ലാതെ ഒഴിഞ്ഞുകിടന്ന കർണാടക ബി​.ജെ.പിയിൽ ഇക്കഴിഞ്ഞ നവംബറിലാണ് സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. ഈശ്വരപ്പയെ പ്രസിഡന്റാക്കിയതിൽ അതൃപ്തിയുള്ള നേതാക്കൾ പലരുമുണ്ട്. നാളുകൾ നീണ്ട അനിശ്ചിതത്വത്തിനുശേഷം തങ്ങളുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ പ്രീണിപ്പിക്കാനുള്ള നീക്കം കൂടിയായിരുന്നു അത്. ജനതാദൾ എസുമായി കൈകോർത്തതോടെ വൊക്കലിഗ സമുദായത്തിന്റെ വോട്ടുകളും തങ്ങൾക്കനുകൂലമാകു​മെന്നും ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. ഒ.ബി.സി, ദലിതുകൾ, മുസ്‍ലിംകൾ, ഒരു വിഭാഗം ആദിവാസികൾ എന്നിവർ കരുത്തുപകരുന്ന കോൺഗ്രസ് വോട്ടുബാങ്കിനെ വെല്ലുവിളിക്കാനാവുമെന്ന വിലയിരുത്തലിലായിരുന്നു പാർട്ടി.

എന്നാൽ, സംസ്ഥാനത്ത് സമീപകാലത്ത് പാർട്ടിയിലുണ്ടായ സംഭവവികാസങ്ങൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മു​ന്നൊരുക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഴുപ്പലക്കൽ അവസാനിപ്പിക്കാൻ കേന്ദ്ര നേതൃത്വം ഏറെ ശ്രമിച്ചിട്ടും നടന്നിട്ടില്ല. കെ.എസ്. ഈശ്വരപ്പ ഉൾപ്പെടെ മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കൾ പലരും പാർട്ടിക്കെതിരെ ഇടഞ്ഞുനിൽക്കുകയാണിപ്പോഴും.

അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നയിക്കുന്ന കോൺഗ്രസ് ക്യാംപ് ആത്മവിശ്വാസത്തിലാണ്. സംസ്ഥാന ഭരണത്തിലേറിയ ശേഷം വാഗ്ദാനങ്ങൾ പലതും നടപ്പാക്കിയ കോൺഗ്രസ് അവ വോട്ടായി പരിണമിക്കുമെന്നും കണക്കുകൂട്ടുന്നു. കടുത്ത വരൾച്ച പിടിമുറുക്കുമ്പോഴും കർണാടകയോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ കാമ്പയിൻ നടത്തിയും കോൺഗ്രസ് നിലമൊരുക്കുകയാണ്.

 

അതിശയങ്ങൾ പ്രവചിച്ച് ഈദിന സർവേ

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമാണ് ഈദിന സർവേ പ്രവചിക്കുന്നത്. ഫെബ്രുവരി 15നും മാർച്ച് അഞ്ചിനുമിടയിൽ രണ്ട് കൂട്ടരും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനുശേഷം അരലക്ഷത്തിൽപരം പേരെ കണ്ടാണ് സർവേ നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കാലങ്ങളായി ബി.ജെ.പിക്ക് മേൽക്കൈ ലഭിക്കുന്ന പതിവ് ഇക്കുറി മാറുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

​1996 ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പി തങ്ങളുടെ വോട്ട് വിഹിതം കർണാടകയിൽ പതിയെ ഉയർത്തിക്കൊണ്ടു വരികയായിരുന്നു. 2004ൽ സംസ്ഥാനത്തെ 28ൽ 18 സീറ്റിലും ബി.ജെ.പിക്കായിരുന്നു വിജയം. 35 ശതമാനം വോട്ടാണ് അന്ന് ബി.ജെ.പിക്ക് ലഭിച്ചത്. 2009ൽ 42 ശതമാനം വോട്ടും 19 സീറ്റുമായി അത് ഉയർന്നു. 2014ൽ വോട്ടുവിഹിതം 43 ശതമാനമായി ഉയർന്നെങ്കിലും സീറ്റുകളുടെ എണ്ണം 17 ആയി കുറഞ്ഞു. എന്നാൽ, 2019ൽ 51 ശതമാനം വോട്ടും 25 സീറ്റും നേടി ബി.ജെ.പി കർണാടകയിൽ അഭൂതപൂർവമായ വിജയം സ്വന്തമാക്കുകയായിരുന്നു.

2024ൽ പക്ഷേ, ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ വൻ ഇടിവാണ് ഈദിന സർവേ പ്രവചിക്കുന്നത്. പത്തുശതമാനം വോട്ടുവിഹിതം ബി.ജെ.പി-ജനതാദൾ എസ് സഖ്യത്തിന് കുറഞ്ഞ് 42.35 ശതമാനമാകും. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ 10 ശതമാനം വർധനവുണ്ടാകും. 43.77ശതമാനം വോട്ടുകളാവും കോൺഗ്രസിന് ലഭിക്കുക.

അതുപ്രകാരം 28ൽ 17 എണ്ണം കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബി.ജെ.പി-​ജനതാദൾ എസ് സഖ്യത്തിന് 11 സീറ്റുകളാണ് ലഭിക്കുകയെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ക്ഷേമ പദ്ധതികൾ തുണയാകും

സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികൾ കോൺഗ്രസിന് അനുകൂലമായി ​വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പ​ങ്കെടുത്ത 47.64 ശതമാനം പേർ ​നരേ​ന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയുടെ ഖ്യാതി ഉയർന്നതായി അഭിപ്രായപ്പെടുന്നു. 45 ശതമാനം പേർ മോദി മൂന്നാംതവണയും ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്.

എന്നാൽ, സർവേയിൽ പ​ങ്കെടുത്ത പകുതിയിലധികം -56 ശതമാനം പേർ- കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതാണ് സാധാരണക്കാർക്ക് ഗുണം ചെയ്യുകയെന്ന് വിശ്വസിക്കുന്നു. കോൺഗ്രസിന് അനുകൂലമായി ചിന്തിക്കുന്നവരിൽ 60 ശതമാനം സ്ത്രീകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here