‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029ൽ’; 2024നുശേഷം വരുന്ന സംസ്ഥാന സർക്കാരുകളുടെ കാലാവധി കുറയും

0
120

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. 11,000 പേജുകളുള്ള റിപ്പോർട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തെര‌ഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാർശ ചെയ്യുന്നു. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഈ ആശയം നടപ്പാക്കുന്നതിനായി ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.

വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റ് ചേരുമ്പോൾ ഇക്കാര്യം വിജ്ഞാപനം ചെയ്യുന്നതിന് ഒരു തീയതി നിശ്ചയിക്കണം. ഈ നിശ്ചിത തീയതിക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന സർക്കാരുകളുടെ കാലാവധി 2029 ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയായിരിക്കും. ഇതോടെ 2024നും 2028നും ഇടയിൽ സംസ്ഥാനങ്ങളിൽ അധികാരമേൽക്കുന്ന സർക്കാരുടെ കാലാവധി നിലവിലെ 5 വർഷത്തിനുപകരം 2029ലെ പൊതു തെരഞ്ഞെടുപ്പ് വരെയാകും.

പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരികയാണെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇതിലൂടെ അധികാരത്തിൽ വരുന്ന സർക്കാരിന് ആദ്യം തെര‍ഞ്ഞെടുപ്പ് നടന്ന സമയം മുതൽ അഞ്ചുവർഷം വരെയേ തുടരാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒറ്റ തിരിച്ചറിയൽ കാർഡും ഒറ്റ വോട്ടർ പട്ടികയും വേണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്തണമെന്നും നിർദേശമുണ്ട്.

47 രാഷ്ട്രീയ പാർട്ടികളാണ് സമിതിക്ക് മുന്നിൽ നിർദേശങ്ങൾ സമർപ്പിച്ചത്. കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി, ബിഎസ്പി, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികൾ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ എതിർപ്പറിയിച്ചെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ആറുമാസം കൊണ്ടാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ പുതിയ ആശയം നടപ്പാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ കെ സിങ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here