ദില്ലി: ഗുണ്ടാ നേതാക്കാളായ സന്ദീപ് കാലാ ജാതേഡിയും അനുരാധ ചൗധരിയും വിവാഹിതരായതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു ഗുണ്ടാ വിവാഹം. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന തുണ്ട എന്നറിയപ്പെടുന്ന യോഗേഷ് ദഹിയയാണ് ദില്ലി വികാസ്പുരിയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായത്. ഇതിനായി ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണി വരെ ദില്ലി ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു.
ഗോഗി ഗ്യാങ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്ന തുണ്ട, തിഹാർ ജയിലിൽ കഴിയുന്നതിനിടെ കഴിഞ്ഞ വർഷം മറ്റൊരു ഗുണ്ടാ നേതാവിനെ ജയിലിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഒരു ഡസനോളം കൊലക്കേസുകളിലും കൊലപാതകശ്രമം, മോഷണം എന്നിങ്ങനെയുള്ള കേസുകളിലും പ്രതിയാണ്. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്. വികാസ്പുരിയിലെ ആര്യ സമാജ ക്ഷേത്രത്തിൽ കനത്ത പൊലീസ് കാവലിലായിരുന്നു വിവാഹം.
ക്ഷേത്രത്തിലും പരിസരത്തും പ്രദേശത്തെ റോഡുകളിലും ഫ്ലൈ ഓവറിലുമെല്ലാം പൊലീസ് നിലയുറപ്പിച്ചു. സ്പെഷ്യൽ സെല്ലിലെയും ക്രൈം ബ്രാഞ്ചിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനോ അല്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കാനോ ഒക്കെയുള്ള സാധ്യതകൾ കണക്കിലെടുത്തായിരുന്നു പൊലീസിന്റെ സന്നാഹം.
ഉച്ചയോടെ ജയിലിൽ നിന്ന് ദില്ലി പൊലീസ് മൂന്നാം ബറ്റാലിയന്റെ സുരക്ഷയിൽ തുണ്ടയെ ക്ഷേത്രത്തിലെത്തിച്ചു. വധു നേരത്തെ തന്നെ എത്തിയിരുന്നു. വധുവിന്റെയും വരന്റെയും ഭാഗത്തു നിന്ന് എട്ട് വീതം ആളുകളെയാണ് ചടങ്ങിൽ പങ്കെടുക്കാൻ പൊലീസ് അനുവദിച്ചത്. തിരിച്ചറിയൽ രേഖകള്‍ ഉൾപ്പെടെ പരിശോധിച്ചാണ് ഇവരെ പ്രവേശിപ്പിച്ചത്. ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ തുണ്ട, ദക്ഷിണ ദില്ലി സ്വദേശിനിയായ കാമുകിയുമായി കഴിഞ്ഞ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചടങ്ങുകള്‍ക്ക് ശേഷം പൊലീസ് സുരക്ഷയോടെ തുണ്ടയെ തിരികെ ജയിലിലെത്തിച്ചു.