ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച മനുഷ്യൻ ചിന്തകൾ ഉപയോഗിച്ച് ചെസ്സ് കളിക്കുന്ന വീഡിയോ പുറത്തുവിട്ട് ന്യൂറലിങ്ക്

0
98

ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച മനുഷ്യൻ കമ്പ്യൂട്ടർ നിയന്ത്രണത്തില്‍ ചിന്തകൾ ഉപയോഗിച്ച് ചെസ്സ് കളിക്കുന്ന വീഡിയോ പുറത്തുവിട്ട് ന്യൂറലിങ്ക്. കീബോർഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോൾ തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന രീതിയിൽ ന്യൂറോൺ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞാണ് ചിപ്പ് പ്രവർത്തിക്കുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് ന്യൂറലിങ്ക് കമ്പനി.

മൃഗങ്ങളിലെ പരീക്ഷണത്തിനുശേഷം കഴിഞ്ഞവർഷം മേയിലാണ് മനുഷ്യരിൽ ചിപ് പരീക്ഷിക്കാൻ ന്യൂറലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്. ജനുവരിയിൽ റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് തലയിൽ ചിപ് ഘടിപ്പിച്ചത്. ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ന്യൂറലിങ്കിന്റെ ആറ് വർഷം നീളുന്ന ‘ടെലിപ്പതി’ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്.

ഡൈവിങ് അപകടത്തെത്തുടര്‍ന്ന് തോളിന് താഴെ തളര്‍ന്ന 29കാരനായ നോളണ്ട് അര്‍ബോ ആണ് ലാപ്ടോപ്പിലൂടെ ന്യൂറോലിങ്ക് ചിപ്പ് ഉപയോഗിച്ച് ചെസ്സ് കളിക്കുന്നത്. ‘സ്‌ക്രീനിന് ചുറ്റും കഴ്സര്‍ ചലിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാന്‍ കഴിയുമെങ്കില്‍, അത് ചെയ്യുന്നത് ഞാന്‍ മാത്രമാണ്,’ തത്സമയ സ്ട്രീമില്‍ ഒരു ഡിജിറ്റല്‍ ചെസ്സ് കരു നീക്കിക്കൊണ്ട് നോളണ്ട് അര്‍ബോ പറഞ്ഞു.

ന്യൂറലിങ്കില്‍ നിന്ന് ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ മനുഷ്യന് മനസുകൊണ്ട് കമ്പ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ സാധിച്ചതായി ഇലോണ്‍ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്താണ് ന്യൂറലിങ്ക്?

2016ല്‍ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിന്‍ ചിപ്പ്. തലച്ചോറിന്റെ പ്രവര്‍ത്തനം വായിക്കാനും രേഖപ്പെടുത്താനും സാധിക്കുന്ന, കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോചിപ്പാണിത്. തലമുടി നാരിനെക്കാള്‍ നേര്‍ത്ത 64 ഇംപ്ലാന്റുകള്‍ ചേര്‍ന്ന ചിപ്പാണ് ന്യൂറലിങ്ക് സ്ഥാപിച്ചത്. റോബട്ടിക് സര്‍ജറിയിലൂടെയാണ് തലച്ചോറില്‍ ഈ ചിപ്പ് സ്ഥാപിക്കുന്നത്. തലച്ചോറില്‍നിന്നുള്ള ന്യൂറോണ്‍ സിഗ്‌നലുകള്‍ ചിപ്പ് പിടിച്ചെടുത്ത് വയര്‍ലെസായി തൊട്ടടുത്തുള്ള കംപ്യൂട്ടറിലെയോ മൊബൈലിലെയോ ആപ്പിലെത്തും. ഇതിനുള്ളില്‍ സെന്‍സറുകളും വയര്‍ലെസ് രീതിയില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ടാകും.

നമ്മുടെ മസ്തിഷ്‌കം ശരീരത്തെ നിയന്ത്രിക്കാന്‍ വൈദ്യുത സിഗ്‌നലുകള്‍ ഉപയോഗിക്കുന്നതുപോലെ, ന്യൂറലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് നമ്മുടെ ചിന്തകള്‍ക്കും ഡിജിറ്റല്‍ ലോകത്തിനും ഇടയിലുള്ള ഒരു പാലമായി പ്രവര്‍ത്തിക്കുന്നു.

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പദ്ധതി സഹായകമാകും. കൈ കൊണ്ട് കംപ്യൂട്ടറും ഫോണും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവര്‍ക്കാകും ‘ടെലിപ്പതി’യുടെ പ്രയോജനം ആദ്യം ലഭിക്കുകയെന്ന് ന്യൂറലിങ്ക് കമ്പനി ഈ വര്‍ഷമാദ്യം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here