യു.പി മദ്‌റസ നിയമം റദ്ദാക്കി; വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000 അധ്യാപകരും

0
237

ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്‌റസ നിയമം റദ്ദാക്കിയതോടെ വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000ത്തിലേറെ അധ്യാപകരും. 2004ലെ ഉത്തർപ്രദേശ് മദ്‌റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായത്. ഈ വിദ്യാഭ്യാസ സംവിധാനത്തിൽ മതേതരത്വമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെട്ടത്. മദ്‌റസ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥ് സർക്കാറിനോട് മാർച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിക്കുകയും ചെയ്തു. മദ്‌റസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിർബന്ധിത വിദ്യാഭ്യാസം നിർബന്ധമായി നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി അൻഷുമാൻ സിംഗ് റാത്തോഡ് എന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

അതേസമയം, മദ്‌റസകൾ കേവലം മതവിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി മാത്രമല്ല, അതിനായി ഗ്രാന്റുകൾ സ്വീകരിക്കുന്നില്ലെന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും മദ്‌റസ അറേബ്യ, അഖിലേന്ത്യ ടീച്ചേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി വഹീദുല്ല ഖാൻ പറഞ്ഞു. ഹിന്ദു അധ്യാപകരും വിദ്യാർഥികളും പോലും മദ്‌റസകളിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. പൗരസ്ത്യ ഭാഷകളുടെ (അറബിക്, പേർഷ്യൻ, സംസ്‌കൃതം) പ്രോത്സാഹനത്തിനായാണ് സർക്കാർ ഗ്രാന്റുകൾ നൽകുന്നതെന്നും അർബി-ഫാർസി ബോർഡ് (അറബിക്-പേർഷ്യൻ) പിന്നീട് മദ്‌റസ ബോർഡായി മാറുകയായിരുന്നുവെന്നും ഖാൻ പറഞ്ഞു. സംസ്ഥാനത്തെ വേദപാഠശാലകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് നടത്തുന്നതെങ്കിൽ 1996 മുതൽ മദ്‌റസകൾ ന്യൂനപക്ഷ വകുപ്പാണ് ഭരിക്കുന്നതെന്ന വ്യത്യാസമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത വിദ്യാഭ്യാസത്തിനൊപ്പം സ്‌കൂൾ വിദ്യാഭ്യാസം കൂടി നൽകുന്നതാണ് യു.പിയടക്കം വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന മദ്‌റസകൾ. സർക്കാർ സഹായത്തോടെയായിരുന്നു ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളുടെയും പ്രവർത്തനം. യു.പിയിൽ 16,513 അംഗീകൃത മദ്‌റസകളുണ്ടെന്നും 560 എണ്ണം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതാണെന്നുമാണ്‌ ദി വയർ റിപ്പോർട്ട് ചെയ്തത്. 8400 അനംഗീകൃത മദ്‌സകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അതിനിടെ, മദ്‌റസ നിയമം ഒഴിവാക്കിയതിൽ പ്രതിഷേധവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി രംഗത്ത് വന്നു. ‘ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമോയെന്ന് യോഗി ആദിത്യനാഥ് വ്യക്തമായി പറയേണ്ടതുണ്ട്? അദ്ദേഹത്തിന്റെ സർക്കാർ മദ്‌റസകളെ ആവർത്തിച്ച് ലക്ഷ്യമിടുന്നു. മദ്‌റസകളിൽ മതേതര വിദ്യാഭ്യാസം നൽകുന്ന അധ്യാപകരുടെ ശമ്പളം വർഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്’ മാർച്ച് 24ന് ഉവൈസി എക്സിൽ യുപി സർക്കാരിന്റെ പ്രവർത്തന പദ്ധതിയെ ചോദ്യം ചെയ്തു.

എന്താണ് ഹൈക്കോടതി വിധി?

മതേതരത്വത്തിന്റെ വ്യക്തമായ ലംഘനമുണ്ടായെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിർബന്ധിത വിദ്യാഭ്യാസം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി, 2004 ലെ യുപി മദ്‌റസ നിയമം റദ്ദാക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21, 21-എ എന്നിവയുടെ ലംഘനവും 1956 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ആക്ടിന്റെ 22-ാം വകുപ്പിന്റെ ലംഘനവും ജസ്റ്റിസുമാരായ വിവേക് ചൗധരിയും സുഭാഷ് വിദ്യാർഥിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

മറ്റ് റെഗുലർ സ്‌കൂളുകളെ അപേക്ഷിച്ച് നിയമപ്രകാരമുള്ള മദ്‌റസകൾ തുല്യ വിദ്യാഭ്യാസം നൽകുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ‘ഒന്ന് മുതൽ എട്ടാം വരെ ക്ലാസ് വരെ ഖുർആനും ഇസ്‌ലാമും നിർബന്ധമാണ്, അതിൽ പരാജയപ്പെട്ടാൽ വിദ്യാർഥിക്ക് പ്രമോഷൻ ലഭിക്കില്ല. മദ്‌റസകളിൽ നൽകുന്ന വിദ്യാഭ്യാസം ഗുണനിലവാരമുള്ളതോ സാർവത്രികമോയല്ല’ബെഞ്ച് നിരീക്ഷിച്ചു.

‘പത്താം ക്ലാസിൽ (മൗലവി അല്ലെങ്കിൽ മുൻഷി), തിയോളജി സുന്നി, തിയോളജി ഷിയ എന്നിവ നിർബന്ധിത വിഷയങ്ങളാണ്, അതേസമയം കണക്ക്, ഹോം സയൻസ് (പെൺകുട്ടികൾക്ക് മാത്രം), ലോജിക് ആൻഡ് ഫിലോസഫി, സോഷ്യൽ സയൻസ്, ടിബ് (മെഡിക്കൽ സയൻസ്) എന്നിവയിൽ നിന്ന് ഒരു ഐച്ഛിക വിഷയം മാത്രമേ എടുക്കേണ്ടതുള്ളൂ. ). 12ാം ക്ലാസിൽ (ആലിം), ദൈവശാസ്ത്രം (സുന്നിയും ഷിയയും) നിർബന്ധിത വിഷയങ്ങളാണ്, അതേസമയം ഹോം സയൻസ് (പെൺകുട്ടികൾ മാത്രം), ഹിന്ദി, ലോജിക്, ഫിലോസഫി, ടിബ്, സോഷ്യൽ സയൻസ്, സയൻസ്, ടൈപ്പിംഗ് എന്നിവയിൽ നിന്ന് ഓപ്ഷണൽ വിഷയങ്ങളിലൊന്ന് തിരഞ്ഞെടുക്കണം.

അതേസമയം, ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ഏതൊരു പണ്ഡിതനും ബുദ്ധിജീവിക്കും സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം നൽകുന്നുണ്ടെന്ന് ഉവൈസി പറഞ്ഞു. ‘ഈ പശ്ചാത്തലത്തിൽ, മദ്‌റസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്’ അദ്ദേഹം എക്സിൽ പറഞ്ഞു.

അവശ വിഭാഗത്തിന് തിരിച്ചടി

മദ്‌റസ നിയമം റദ്ദാക്കിയത് സംസ്ഥാനത്തെ അംഗീകൃത മദ്‌റസകളിൽ പഠിക്കുന്ന 19.5 ലക്ഷം വിദ്യാർഥികളെയും അനംഗീകൃത മദ്‌റസകളിലുള്ള ഏഴ് ലക്ഷം വിദ്യാർഥികളെയും ബാധിക്കുമെന്ന് ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്‌റസ എജ്യുക്കേഷൻ ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു.

ഹൈക്കോടതിയുടെ വിധി മുസ്‌ലിം കുടുംബങ്ങളെ മാത്രമല്ല, തങ്ങളുടെ പ്രദേശത്ത് സർക്കാർ സ്‌കൂളുകൾ ലഭ്യമല്ലാത്തതിനാൽ മദ്‌റസകളെ ആശ്രയിക്കുന്ന, ഇതര സമുദായാംഗങ്ങളായ പാവപ്പെട്ട കുടുംബങ്ങളെയും ബാധിക്കുമെന്ന് ജാവേദ് പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു.

‘സ്‌കൂളുകളില്ലാത്ത ഉൾനാടുകളുണ്ട്, അവിടെ പാവപ്പെട്ടവർ സൗജന്യ വിദ്യാഭ്യാസം നൽകുന്ന മദ്‌റസകളിലേക്കാണ് കുട്ടികളെ അയയ്ക്കുന്നത്. അവ അടച്ചുപൂട്ടുന്നത് നിരക്ഷരതാ നിരക്ക് വർദ്ധിപ്പിക്കും’ ജാവേദിനെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്തു. സംഭാവനകളും സകാത്തും ആശ്രയിച്ചാണ് നിലവിൽ മദ്റസകൾ പ്രവർത്തിക്കുന്നത്.

തൊഴിലില്ലായ്മയും വർധിക്കും

മദ്‌റസാ നിയമം റദ്ദാക്കിയുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവോടെ നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഉയരുകയാണ്. ബൽറാംപൂരിൽ നിന്നുള്ള 36 കാരനായ മദ്‌റസ അധ്യാപകൻ ഫയാസ് അഹമ്മദ് മിസ്ബാഹി തന്റെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെക്കുറിച്ച് ദി വയറിനോട് പറഞ്ഞു. അധ്യാപകർ എവിടേക്കാണ് പോകേണ്ടതെന്ന് ഹൈക്കോടതി പരാമർശിച്ചിട്ടില്ലെന്ന് കഴിഞ്ഞ ഒമ്പത് വർഷമായി അധ്യാപകനായിരുന്ന മിസ്ബാഹി ചൂണ്ടിക്കാട്ടി. ‘അധ്യാപകരുടെ കാര്യമോ? അവർക്ക് ജോലിയോ ശമ്പളമോയില്ല” അദ്ദേഹത്തെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്തു. മദ്‌റസ ഭൂമിയുടെ ഭാവിയും അദ്ദേഹം ചോദ്യം ചെയ്തു. ‘സർക്കാർ ഭൂമിക്കും മദ്‌റസകളുടെ ഈ വലിയ കെട്ടിട സമുച്ചയങ്ങൾക്കും എന്ത് സംഭവിക്കും?’ അദ്ദേഹം ചോദിച്ചു.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്തമായ സെൻട്രൽ യൂണിവേഴ്സിറ്റികളിൽനിന്ന് പലരും ഐഎഎസ് ഓഫീസർമാരോ പ്രൊഫസർമാരോ ആയി മാറിയിട്ടുണ്ടെന്ന് മിസ്ബാഹി പറഞ്ഞു. ‘മദ്‌റസയിൽ പഠിച്ചവർ സിവിൽ സർവീസ് പാസായി ഐഎഎസ് ഓഫീസർമാരായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മറ്റു പലരും നിയമബിരുദം നേടുകയും മെഡിക്കൽ പ്രവേശന പരീക്ഷകളിൽ വിജയിക്കുകയും ചെയ്യുന്നു’അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here