അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ പ്രോട്ടീൻ, നോൺ വെജിറ്റേറിയൻ അരി വികസിപ്പിച്ചെടുത്ത് കൊറിയൻ ശാസ്ത്രജ്ഞർ

0
200

ദക്ഷിണ കൊറിയന്‍ ഗവേഷകരുടെ സംഘം ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്തു. ഉയര്‍ന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഈ നോണ്‍ വെജിറ്റേറിയന്‍ അരിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതൊരു സെല്‍ കള്‍ച്ചേര്‍ഡ് പ്രോട്ടീന്‍ റൈസാണ്. ഈ അരിയില്‍ നിന്നും നമുക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും. കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബില്‍ വികസിപ്പിച്ചെടുത്തതാണ് ഈ അരി.

ബീഫിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്. മാംസാഹാരം നിര്‍മ്മിക്കുന്നിനേക്കാള്‍ ചെലവ് കുറച്ച് ഭാവിയില്‍ ഇതുണ്ടാക്കിയെടുക്കാമെന്നും അവര്‍ പറയുന്നു. പിങ്ക് നിറമുള്ള ഈ ബീഫ് റൈസിന് സാധാരണ അരിയേക്കാള്‍ കട്ടിയുണ്ട്. ഈ ഹൈബ്രിഡ് അരി മികച്ച പ്രോട്ടീന്‍ ഉറവിടവും അതോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഒന്നാണ്. ഈ പരീക്ഷണം വിജയിച്ചാല്‍ കൂടുതലായി ഉത്പാദിക്കാനും അതുവഴി ഭക്ഷ്യപ്രതിസന്ധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കും.

ലാബില്‍ വികസിപ്പിച്ചെടുക്കുന്ന മാംസ ഉത്പന്നങ്ങള്‍ പോലെ തന്നെയാണ് ഈ അരിയുമെന്ന് പറയാം. മാംസകോശങ്ങള്‍ അരിയില്‍ വളര്‍ത്തിയെടുത്താണ് ഈ അരി വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ധാന്യങ്ങളേക്കാള്‍ വ്യത്യസ്തഘടനയും രുചിയുമാണ് ഇതിനുള്ളത്. ഭക്ഷ്യപ്രതിസന്ധി മറി കടക്കാന്‍ തക്കവിധത്തിലുള്ള ഒരു പുതിയ ഭക്ഷണമായാണ് ഇതിനെ ശാസ്ത്രജ്ഞന്മാര്‍ നോക്കിക്കാണുന്നത്. സോയ ബീനിലും സമാനമായ പരീക്ഷണം നടത്തിയെങ്കിലും വിജയിക്കുകയുണ്ടായില്ലെന്നും പരീക്ഷണസംഘം അറിയിച്ചു.

ഉടനെയൊന്നും ഈ അരി വിപണിയില്‍ എത്തില്ല. അതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്. നിലവില്‍ കന്നുകാലികളില്‍ നിന്നെടുത്ത കോശങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഭാവിയില്‍ കന്നുകാലികളില്‍ നിന്നല്ലാതെ സമാനകോശങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അതുപയോഗിച്ച് പരീക്ഷണം നടത്താന്‍ കഴിയും. അതിന് ശേഷം സുസ്ഥിരമായ ഒരു ഭക്ഷണസംവിധാനം വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here