സിപിഎം അഞ്ച് സംസ്ഥാനങ്ങളില്‍ ‘ഇന്ത്യ’ സഖ്യത്തില്‍; ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം

0
144

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം എന്ന നിലയില്‍ സി.പി.എം. മത്സരിക്കുക നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ മാത്രം.

രാജസ്ഥാന്‍, അസം, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് സഖ്യസാധ്യത സി.പി.എം. തേടുന്നത്. ഇതില്‍ തമിഴ്നാട്ടില്‍ ഡി.എം.കെ.യും കോണ്‍ഗ്രസുമുള്‍പ്പെടുന്ന സഖ്യത്തിലും ബിഹാറില്‍ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യത്തിലും ഇടതുസാന്നിധ്യം ഉറപ്പാണ്.

ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റ് നല്‍കാമെന്ന ഉറപ്പ് ആര്‍.ജെ.ഡി. സി.പി.എമ്മിന് നല്‍കിയിട്ടുണ്ട്. സി.പി.ഐ.യും സി.പി.ഐ.എം.എലും ഇത്തരത്തില്‍ മഹാസഖ്യത്തിന്റെ ഭാഗമാകും. രാജസ്ഥാനിലും അസമിലും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി ഒരു സീറ്റെങ്കിലും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വഴങ്ങിയേക്കുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്. അസമിലും ഇതേ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും അനിശ്ചിതത്വമുണ്ട്. മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യത്തിന്റെ ഭാഗമായി എന്‍.സി.പി. ശരത പവാര്‍ വിഭാഗവുമായും കോണ്‍ഗ്രസുമായും സി.പി.എം. ചര്‍ച്ച നടത്തുന്നുണ്ട്. ഇവിടെയും ഒരു സീറ്റെങ്കിലും നേടിയെടുക്കാനാണ് ശ്രമം.

തമിഴ്നാട്ടില്‍ കഴിഞ്ഞതവണ ലഭിച്ചതുപോലെ അഞ്ച് സീറ്റുകള്‍ ഡി.എം.കെ. വിട്ടുനല്‍കുമെന്നാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്. പശ്ചിമബംഗാളില്‍ ഇന്ത്യ സഖ്യമെന്ന നിലയിലല്ലാതെ കോണ്‍ഗ്രസുമായി സഹകരിച്ച് മത്സരിക്കാനാണ് നീക്കം. കോണ്‍ഗ്രസ് അവിടെ തൃണമൂലുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.

ബി.ജെ.പി.ക്കെതിരായ ഇന്ത്യ മുന്നണിയെന്ന വിശാല രാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും നയപരമായി അതിനെ ഒരു രാഷ്ട്രീയസഖ്യമായി കണക്കാക്കാനാവില്ലെന്നാണ് സി.പി.എം. നിലപാട്. ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ച് ബി.ജെ.പി. വിരുദ്ധവോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കുക, പാര്‍ട്ടിയുടെ ശാക്തീകരണം ഉറപ്പാക്കുക എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലെ ഊന്നല്‍. കേരളവും ബംഗാളും ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നാല്പതോളം സീറ്റുകളില്‍ മത്സരിക്കാനാണ് സി.പി.എം. ശ്രമം. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ സി.പി.എം. ഒറ്റയ്ക്കുതന്നെ മത്സരിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here