അഡ്വ. നജ്മ തബ്ഷീറക്ക് യു.എസ് ഗവൺമെന്‍റ് ഇന്‍റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് ക്ഷണം

0
139

മലപ്പുറം: യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം. യു.എസ്. ഡിപ്പാർട്ട്മെന്റ്‌ ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ് സംഘടിപ്പിക്കുന്നതാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഡർഷിപ്പ് പ്രോഗ്രാം. പരിപാടിയിൽ പങ്കെടുക്കാനായി നജ്മ ഇന്ന് യു.എസിലേക്ക് യാത്ര തിരിക്കും.

പൗര ഇടപെടൽ, വിദ്യാഭ്യാസം, മതം, നിയമ നിർവഹണം, തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ യു.എസ് ഗവൺമെന്റ്‌ ഏജൻസികൾ എങ്ങനെ പ്രാദേശിക കമ്യൂണിറ്റികളുമായി ഇടപഴകുന്നുവെന്ന് പര്യവേക്ഷണം ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇന്‍റർഫെയ്ത് ഗ്രൂപ്പുകൾ, കമ്യൂണിറ്റി പൊലീസിങ് പ്രോഗ്രാമുകൾ എന്നിവയിൽ വൈവിധ്യം, സഹിഷ്ണുത, ഉൾച്ചേർക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച രീതികൾ ചർച്ച ചെയ്യുക, രാജ്യത്തെ സാമൂഹിക പിരിമുറുക്കങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന സാഹചര്യങ്ങൾ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്ന് നിർണയിക്കുക.

ഒപ്പം വിദ്വേഷത്തിനും അക്രമത്തിനും വ്യാജ സന്ദേശങ്ങൾക്കുമെതിരെ പോരാടുമ്പോൾ സഹിഷ്ണുത, പരസ്പര ധാരണ, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നവരുടെ ഡിജിറ്റല്‍ ശൃംഖലകൾ വലുതാക്കുന്നതിന് ആവശ്യമായ സിവിൽ സൊസൈറ്റി മാതൃകകൾ പരിശോധിക്കുക തുടങ്ങിയവയാണ് യു.എസ്. ഗവണ്‍മെന്‍റ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യം വെക്കുന്നത്‌.

വിവിധ രാഷ്ട്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സമൂഹത്തിന്‍റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ മുൻനിർത്തി യു.എസ് ഗവൺമെന്‍റ് എല്ലാ വർഷവും ഈ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വാഷിങ്ടൺ ഡി.സി, പോർട്ട്ലാൻഡ്, ബോസ്റ്റൺ, മസാച്യുസെറ്റ്സ് മിൽവാക്കി, ഡിട്രോയിറ്റ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര മാര്‍ച്ച് രണ്ടിന് സമാപിക്കും.

എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് ജില്ലാ കമ്മറ്റിയംഗവും അഭിഭാഷകയുമായ നജ്മ തബ്ഷീറ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമാണ്.

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ട്രഷറർ മുഹമ്മദ്‌ ഹിദായത്തുള്ള, ത്വയ്യിബ പറവത്ത്‌ എന്നിവരാണ് മാതാപിതാക്കൾ. ഹൈകോടതി അഭിഭാഷകനായ അഡ്വ. പി.എ നിഷാദ് ആണ് ഭർത്താവ്. അമാൻ സൂഹി ഹംദാൻ ഏക മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here