അമ്മയുടെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് ഒരു വയസുകാരൻ; 30 കിലോമീറ്റർ അകലെ മെട്രോ സ്റ്റേഷനിൽ അച്ഛന്റെ മൃതദേഹം

0
285

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെട്രോ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് ഇയാള്‍  രക്ഷപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് കൗശാംബി മെട്രോ സ്റ്റേഷനില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ തന്നെ ഇയാള്‍ മെട്രോ സ്റ്റേഷനില്‍ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും കുഞ്ഞിനൊപ്പം ആറ് മാസം മുമ്പാണ് ഇപ്പോഴത്തെ അപ്പാര്‍ട്ട്മെന്റില്‍ താമസം തുടങ്ങിയത്.

മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ പ്ലാറ്റ്ഫോമിലെ റെയിലിങിനോട് ചേര്‍ന്ന് നില്‍ക്കുന്നത് കാണാം. പിന്നീട് റെയിലിങ് മറികടന്ന് താഴേക്ക് ചാടുന്നതും വ്യക്തമായിട്ടുണ്ട്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

30 വയസുകാരനായ ഗൗരവ് ശര്‍മ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് അനുമാനമെങ്കിലും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാവുന്ന കാരണങ്ങളെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഗുരുഗ്രാം പൊലീസ് ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തുമ്പോള്‍ ഒരു വയസുള്ള കുട്ടി അമ്മയുടെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് യുവതിയുടെ കഴുത്ത് അറുത്തതായും കല്ലുകൊണ്ട് തലയില്‍ ഇടിച്ചതായും വ്യക്തമാണ്. മകനെയും കല്ലുകൊണ്ട് ഇടിച്ചിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ തുടങ്ങിയെങ്കിലും ഗുരുഗ്രാമില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മെട്രോ സ്റ്റേഷനില്‍ ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പിന്നാലെയെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടിന് അയച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സാഹചര്യ തെളിവുകളില്‍ നിന്ന് മനസിലാവുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here