പാനിപൂരി വിറ്റ് ഥാർ വാങ്ങി 22കാരി; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

0
204

പാനിപൂരി വിറ്റ് ഥാർ വാങ്ങിയ 22കാരിയെ അഭിനന്ദിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഡൽഹിയിലുള്ള തപ്സി ഉപധ്യായ് ആണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്.

‘ബിടെക് പാനിപൂരി വാലി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ സ്റ്റാൾ തിലക് നഗറിലാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 സ്റ്റാളുകളുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

ഇവർ ഥാർ ഓടിച്ചുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാനിപൂരി വിൽക്കുന്ന സ്റ്റാൾ ഥാറിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതും വീഡിയോയിൽ കാണാം. ഒരു ദിവസം കൊണ്ടല്ല, ആയിരം ദിവസങ്ങളുടെ പ്രയത്നത്തിന്റെ ഫലമായാണ് ഈ സ്വപ്ന നേട്ടത്തിലെത്തിയതെന്ന് ഈ വീഡിയോയിൽ അവർ വ്യക്തമാക്കുന്നുണ്ട്.

ഈ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഇവരെ അഭിനന്ദിക്കുന്നത്. ‘എന്താണ് ഓഫ് റോഡ് വാഹനങ്ങളുടെ ലക്ഷ്യം? മുമ്പ് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ ആളുകളെ എത്താൻ സഹായിക്കുക. അസാധ്യമായത് പര്യവേക്ഷണം നടത്താൻ ആളുകളെ സഹായിക്കുക. പ്രത്യേകിച്ചും ഞങ്ങളുടെ കാറുകൾ ആളുകളെ ഉയർച്ചയിലേക്ക് എത്തിക്കാനും അവരുടെ സ്വപ്നങ്ങൾ കീഴടക്കാനും സഹായിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഇഷ്ടപ്പെടുന്നതെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകും’ -ആനന്ദ മഹീന്ദ്ര എക്സിൽ കുറിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

കഴിഞ്ഞവർഷം തപ്സി ഉപധ്യായ് റോയൽ എൻഫീൽഡിന്റെ ബൈക്ക് സ്വന്തമാക്കിയ വീഡിയോയും ഏറെ വൈറലായിരുന്നു. ബി.ടെക പഠനത്തിനുശേഷമാണ് തപ്സി പുതിയ സംരംഭം തുടങ്ങുന്നത്. ആളുകൾക്ക് ശുചിത്വപൂർണവും ആരോഗ്യകരവുമായ ഭക്ഷണം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് തപ്സി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here