‘തകർക്കപ്പെട്ട മതേതര മനസുകൾക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്’;ചടങ്ങിൽ പങ്കെടുക്കുന്ന കോൺ​ഗ്രസിനെതിരെ സമസ്ത

0
146

കോഴിക്കോട്: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനെതിരെ വിമർശനവുമായി സമസ്ത. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത പറഞ്ഞു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ പറയുന്നു.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും സമസ്ത മുഖപത്രത്തിൽ പറയുന്നു. രാജ്യത്തെ മത വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാൻ ഉള്ള ജാഗ്രത കോൺഗ്രസ് കാട്ടണം. അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം. ചടങ്ങിൽ ക്ഷണം നിരസിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു. എന്നാൽ പങ്കെടുക്കുമെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഇതിനോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here