രാമന്റെ ഭക്ത; മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് മുസ്ലീം യുവതിയുടെ 1,425 കിലോമീറ്റർ കാൽനടയാത്ര

0
275

മുംബൈയിൽ നിന്നും അയോധ്യയിലേക്ക് 1,425 കിലോമീറ്റർ കാൽനടയാത്രയുമായി യുവതി. രാമൻ രാജ് ശർമ, വിനീത് പാണ്ഡെ എന്നീ മറ്റു രണ്ടു പേർക്കൊപ്പമാണ് ശബ്നം യാത്ര തിരിച്ചത്. ഇസ്ലാം മതത്തിൽ പെട്ടയാൾ ആണെങ്കിലും ശബ്നം ഒരു രാമ ഭക്ത കൂടിയാണ്. രാമനെ ആരാധിക്കണെങ്കിൽ ഹിന്ദുവായിരിക്കണം എന്നു നിർബന്ധമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ശബ്നം പറയുന്നു. മുംബൈയിൽ നിന്നും യാത്ര ആരംഭിച്ച ശബ്നം ഇപ്പോൾ മധ്യപ്രദേശിലെ സിന്ധ്‍വയിൽ എത്തിയിട്ടുണ്ട്. ദിവസേന 25 മുതൽ 30 കിലോമീറ്റർ വരെയാണ് ഇവർ താണ്ടുന്നത്.

നീണ്ട നടത്തം മൂലം ക്ഷീണം തോന്നുന്നുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയെന്ന് മൂവരും പറയുന്നു. വഴിയിൽ ഇവർ കണ്ടുമുട്ടുന്ന ആളുകൾ ഇവരെക്കുറിച്ചുള്ള കഥകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ തീർത്ഥാടനം കൂടുതൽ ജനശ്രദ്ധയാകർഷിച്ചത്.

“ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടെയും ദൈവമാണ്”, യാത്രയ്ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ശബ്നം പ്രതികരിച്ചു. പുരുഷൻമാർക്കു മാത്രമേ ഇത്തരം ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ നടത്താൻ കഴിയൂ എന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാൻ കൂടിയാണ് തന്റെ ലക്ഷ്യമെന്നും ശബ്നം പറയുന്നു.

ശബ്‌നത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ഭക്ഷണവും താമസവും ഒരുക്കുന്നതിലും പോലീസും സഹായിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പ്രശ്നബാധിത മേഖലകളിലൂടെ കടന്നുപോയപ്പോഴും പോലീസ് യുവതിയുടെ സുരക്ഷ ഉറപ്പാക്കുകയും ചില പ്രശ്‌നങ്ങളിൽ നിന്ന് രക്ഷിക്കുകയു ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ ചില നെ​ഗറ്റീവ് കമന്റുകൾ കണ്ടിട്ടും അതിലൊന്നും തളരാതെയാണ് ശബ്നം തന്റെ യാത്ര തുടരുന്നത്. എന്നാൽ കൂടുതൽ ആളുകളും പൊസിറ്റീവായാണ് പ്രതികരിക്കുന്നതെന്നും കാവി പതാകയും പിടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ തനിക്ക് ‘ജയ് ശ്രീറാം’ വിളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചതായും ശബ്നം പറയുന്നു.

താൻ എന്ന് അയോധ്യയിൽ എത്തിച്ചേരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസമായ ജനുവരി 22 ന് അവിടെ എത്തിച്ചേരും എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും ശബ്നം വ്യക്തമാക്കി. തന്റേത് ഒരു ആത്മീയ യാത്ര ആണെന്നും അത് തികച്ചും വ്യക്തിപരമായ ആത്മീയാന്വേഷണമാണെന്നും മതപരമായ അതിർവരമ്പുകൾക്കതീതമായ ഭക്തിയാണ് അതെന്നും ശബ്നം ഊന്നിപ്പറഞ്ഞു.

ജനുവരി 22 നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികൾ നടക്കുന്നത്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠാ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here