‘കളക്ടറേ വിളിക്കൂ, ഇല്ലേൽ വീട് മൊത്തം കത്തിക്കും’; ഒന്നൊന്നര മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു, ഒടുവിൽ…

0
218

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ ബന്ധു വീട്ടിൽ നടത്തിയ പരാക്രമങ്ങള്‍ പൊലീസിനെയും അഗ്നിശമന സേനയെയും ഒരുപോലെ ഞെട്ടിച്ചു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് ബാബു, പോളിടെക്നിക്ക് സമീപം മരുത് റോഡ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിൽ അക്രമാസക്തനായി നില്‍ക്കുകയാണെന്ന് വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

മുറിക്കുള്ളില്‍ ഉപകരണങ്ങളെല്ലാം തല്ലിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വീടിന് മൊത്തം കത്തിക്കും എന്നും ഭീഷണിപ്പെടുത്തി ഭീകരാവസ്ഥയിൽ നിൽക്കുകയാണ് എന്നാണ് അറിയിപ്പ് വന്നത്. കസബ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് കഞ്ചിക്കോട് നിലയത്തിലെ സേനാംഗങ്ങൾ ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസര്‍ മധുവിന്‍റെ നേതൃത്വത്തിൽ ഭവസ്ഥലത്ത് എത്തി. സന്നാഹങ്ങള്‍ കണ്ടതോടെ കൂടുതല്‍ അക്രമാസക്തനായ ബാബു, സ്വന്തം കൈ കൊണ്ട് ജനലിന്റെ ഗ്ലാസ് ജില്ലകൾ ഇടിച്ചു പൊട്ടിക്കുകയും പൊട്ടിയ ഗ്ലാസ് കഷണങ്ങൾ സേനാംഗങ്ങളുടെ നേരെ വലിച്ചെറിയുകയും ചെയ്തു.

കളക്ടറും മറ്റ് മേലുദ്യോഗസ്ഥരും എല്ലാവരും സംഭവസ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട ബാബു എല്ലാവരെയും അസഭ്യം പറയുകയും ചെയ്തു. മുറിക്കുള്ളില്‍ ഗ്യാസ് സിലിണ്ടർ ഉള്ളതിനാല്‍ വലിയ അപകടങ്ങള്‍ വരുത്തിയേക്കാൻ സാധ്യതയുണ്ട് എന്ന് ചിന്തിച്ച് കൂടുതൽ സേനാംഗങ്ങളുടെ സേവനം ആവശ്യപ്പെട്ടു. പാലക്കാട് നിലയത്തിലെ ജീവനക്കാര്‍ എത്തുന്നത് വരെ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ബാബുവിനോട് നയപരമായ ഓരോ കാര്യങ്ങൾ സംസാരിച്ച് നിൽക്കുകയായിരുന്നു.

ഏകദേശം ഒന്നൊന്നര മണിക്കൂർ ഓളം ഇത്തരത്തിൽ സംസാരം തുടര്‍ന്നു. ഒടുവിൽ പാലക്കാട് നിലയത്തിലെ ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയോടെ വാതിൽ ചവിട്ടി തുറന്നു എല്ലാവരും കൂടെ ഇരച്ചുകയറി ബാബുവിനെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാബു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ടെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പാലക്കാട് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ ഹിതേഷ് നേതൃത്വത്തില്‍ പാലക്കാട്, കഞ്ചിക്കോട് യൂണിറ്റിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here