കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പത്ത് എംപിമാര്‍ രാജിവെച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച്ച നടത്തുന്നു; കേന്ദ്രമന്ത്രിസഭ അഴിച്ചു പണിയും

0
153

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പത്ത് എംപിമാര്‍ രാജിവെച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാരാണ് രാജിവെച്ചിരിക്കുന്നത്. ബിജെപിയുടെ 12 എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരായി വിജയിച്ചത്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. 12 എംപിമാരില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല.

നാലു കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന് സൂചനയും ഉണ്ട്. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള നിര്‍ണായക ചുമതലകള്‍ നല്‍കിയേക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി രാജിവെച്ച എംപിമാര്‍ കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെയും അധ്യക്തയില്‍ ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് എംപിമാരുടെ രാജി. നരേന്ദ്ര സിംങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവര്‍ക്ക് പുറമെ മധ്യപ്രദേശില്‍നിന്നുള്ള രാകേഷ് സിങ്, ഉദയ് പ്രതാപ്, റിതി പതക്, ഛത്തീസ്ഗഡില്‍നിന്നുള്ള അരുണ്‍ സഹോ, ഗോമതി സായി, രാജസ്ഥാനില്‍നിന്നുള്ള രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കിരോടി ലാല്‍ മീണ, ദിയ കുമാരി എന്നിവരാണ് രാജിവച്ചത്.

നരേന്ദ്ര സിങ് തോമറും പ്രഹ്ലാദ് പട്ടേലും എംപി സ്ഥാനത്തിന് പുറെ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചിട്ടുണ്ട്.
അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ രാജസ്ഥാനില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ബാബാ ബാലക്‌നാഥ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ സി.പി.ജോഷി, അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എംപി കൂടിയായ ബാബാ ബാലക്‌നാഥ് ഡല്‍ഹിക്കു തിരിച്ചതോടെ ജയ്പുരില്‍ വസുന്ധര രാജെയുടെ വസതിയില്‍ അവരെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ എത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ മാസം ഏഴിനകം മുഖ്യമന്ത്രിയാരെന്ന് അറിയാനാവുമെന്ന് നേതാക്കളിലൊരാള്‍ പറഞ്ഞു.

മധ്യപ്രദേശില്‍ശിവ്രാജ് സിങ് ചൗഹാനെത്തന്നെ മുഖ്യമന്ത്രിയായി ലോക്‌സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും നിയോഗിക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും ദേശീയ നേതൃത്വത്തിനു താല്‍പര്യമില്ലെന്നാണ് സൂചന. വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ശിവ്രാജിനെപ്പോലെയുള്ള വലിയ നേതാവിനെ അവഗണിക്കരുതെന്ന ആവശ്യം ശക്തമാണ്. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖനുമായ പ്രഹ്ലാദ് സിങ് പട്ടേല്‍ ഇന്നലെ പാര്‍ലമെന്റില്‍ ദേശീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

ഛത്തീസ്ഗഡില്‍സംസ്ഥാനനേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നറിയുന്നു. ഇവിടെയും ഏഴിന് നിയമസഭാ കക്ഷി യോഗത്തില്‍ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതാ മുഖ്യമന്ത്രിയെന്ന ആവശ്യം ശക്തമാണ്. പാര്‍ട്ടിക്കൊപ്പം നിന്ന വനിതകളെയും ഗോത്ര വിഭാഗക്കാരെയും പരിഗണിക്കാനാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here