‘റോഡ് മോഷണം പോയി’; റോഡിനായി ഇട്ട സിമന്‍റും നിര്‍മ്മാണ സാമഗ്രികളും ഗ്രാമവാസികള്‍ കൊണ്ടു പോകുന്ന വീഡിയോ വൈറൽ !

0
204

ലതരത്തിലുള്ള മോഷണങ്ങൾ നടത്തുന്ന ആളുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിരിക്കും ഒരു ഗ്രാമത്തിലെ ആളുകൾ എല്ലാവരും ചേർന്ന് ഒരേ മനസ്സോടെ ഒരു മോഷണം നടത്തുന്ന വാർത്ത പുറത്ത് വരുന്നത്. സംഭവം ബീഹാറിലാണ്.  ജെഹാനാബാദ് ജില്ലയിലെ ഗ്രാമവാസികളാണ് ഇത്തരത്തിൽ ഒരു മോഷണം നടത്തിയത്. ഇനി ഇവർ മോഷ്ടിച്ചത് എന്താണന്ന് അറിയണ്ടേ? മൂന്ന്  കിലോമീറ്റർ നീളത്തിൽ ഭാഗികമായി നിർമിച്ച ഒരു റോഡ് ! ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് ഒത്തൊരുമയോടെ റോഡ് മോഷണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ജെഹാനാബാദ് ജില്ലയിലെ ഔദാൻ ബിഘ ഗ്രാമത്തിലെ നിവാസികളാണ് ഇവരുടെ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന റോഡിന്‍റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയത്. കോൺക്രീറ്റ്, മണൽ, കല്ല് ചിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ നിർമ്മാണ സാമഗ്രികൾ ഇവർ മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു. റോഡിനായി ഇട്ട കോണ്‍ക്രീറ്റ് മിശ്രിതം ഉണങ്ങുന്നതിന് മുമ്പ് വലിയ കൊട്ടകളിലും ചട്ടികളിലും കോരിക്കൊണ്ട് ഗ്രാമവാസികൾ വീടുകളിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഗ്രാമത്തിലെ മുഴുവൻ ആളുകളും ചേർന്നാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്. ട്വിറ്ററിലൂടെ (X) ആണ് ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വിഡീയോ കണ്ട പലരും ഗ്രാമ വാസികളെ വിമർശിച്ചെങ്കിലും മറ്റൊരു വിഭാഗം ആളുകൾ ഗ്രാമവാസികളുടെ ഗതികേടിനെക്കുറിച്ചോര്‍ത്ത് സഹതപിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടതായും ചിലർ വിമർശനം ഉന്നയിച്ചു.

ജില്ലാ ആസ്ഥാനവുമായുള്ള ഗ്രാമത്തിന്‍റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനാണ് റോഡിന്‍റെ നിർമ്മാണം ആരംഭിച്ചതെന്നും മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായിരുന്നു ഈ റോഡ് നിർമ്മാണമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ആർജെഡി എംഎൽഎ സതീഷ് കുമാർ രണ്ട് മാസം മുമ്പ് റോഡിന്‍റെ തറക്കല്ലിട്ടിരുന്നുവെങ്കിലും നിര്‍മ്മാണ സാമഗ്രികളെല്ലാം ഗ്രാമവാസികൾ എടുത്തുകൊണ്ട് പോയതോടെ റോഡ് നിർമാണം നിലച്ചു. സംഭവത്തിൽ മഖ്ദുംപൂർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here