ഹര്‍ഭജന്‍ സിംഗിന് ഇസ്‌ലാം സ്വീകരിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്ന് ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍

0
147

ഇസ്‌ലാമാബാദ്- ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന വിവാദ പ്രസ്താവനയുമായി മുന്‍ പാക് ക്രിക്കറ്റ് താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഇന്‍സമാം ഉല്‍ ഹഖ്.

മൗലാന താരിഖ് ജമീല്‍ ഹര്‍ഭജന്‍ സിംഗിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ഇസ്‌ലാം സ്വീകരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇന്‍സമാം എന്തുതരം മരുന്നു കഴിച്ചിട്ടാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നതെന്ന ചോദ്യവുമായാണ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ ഹര്‍ഭജന്‍ സിംഗ് മറുപടി നല്‍കിയത്.

എല്ലാ ദിവസവും മൗലാന താരിഖ് ജമീല്‍ തങ്ങളെ കാണാനെത്തുമായിരുന്നെന്നും നമസ്‌ക്കരിക്കാന്‍ അനുവദിച്ചിരുന്ന മുറിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം അദ്ദേഹം സംസാരിച്ചിരുന്നെന്നും ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു. ഒന്നുരണ്ടു ദിവസങ്ങള്‍ക്ക് ശേഷം തങ്ങള്‍ ഇര്‍ഫാന്‍ പത്താനെയും സഹീര്‍ ഖാനെയും മുഹമ്മദ് കൈഫിനെയും നമസ്‌കരിക്കാന്‍ ക്ഷണിക്കുകയും അവര്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ തങ്ങളോടൊപ്പം വരികയും ചെയ്തു. ഇന്ത്യന്‍ ടീമിലെ മുസ്‌ലിം കളിക്കാരോടൊപ്പം രണ്ടുമൂന്ന് താരങ്ങള്‍ കൂടി വന്നു തുടങ്ങിയെന്നും അവര്‍ നമസ്‌ക്കരിച്ചില്ലെങ്കിലും മൗലാനയുടെ പ്രഭാഷണം ശ്രദ്ധിച്ചിരുന്നതായും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

മൗലാന എന്തു പറഞ്ഞാലും താനത് സ്വീകരിക്കണമെന്നായിരുന്നു ഹൃദയം പറഞ്ഞിരുന്നതെന്ന് ഹര്‍ഭജന്‍ ഒരിക്കല്‍ തന്നോട് വ്യക്തമാക്കിയെന്നും ഇന്‍സമാം വിശദമാക്കുന്നു. എങ്കില്‍ ഹൃദയത്തെ അനുസരിക്കുവെന്നും ആരാണ് താങ്കളെ അതില്‍ നിന്നും തടയുന്നതെന്ന് താന്‍ ചോദിച്ചതായും പാകിസ്താന്റെ മുന്‍ താരം പറഞ്ഞു.  മതം പിന്തുടരാത്ത തങ്ങളെ കുറ്റക്കാരായി കാണണമെന്നാണ് ഹര്‍ഭജന്‍ തന്നോടു പറഞ്ഞതെന്നും ഇന്‍സമാം ഉല്‍ ഹക് വെളിപ്പെടുത്തുന്നു.

താനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇന്‍സമാം പറയുന്നതെന്ന് ഹര്‍ഭജനും പറയുന്നു. ഇന്ത്യക്കാരനും സിഖുകാരനുമായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ വ്യക്തമാക്കി. എന്തും വിളിച്ചു പറയുന്ന മണ്ടന്‍മാരാണെന്നും ഇന്‍സമാമിനെ ഹര്‍ഭജന്‍ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here