നേപ്പാളിനെതിരായ വെടിക്കെട്ട് സെഞ്ചുറിയില്‍ ഗില്ലിന്‍റെ റെക്കോര്‍ഡും അടിച്ചു പറത്തി യശസ്വി ജയ്‌സ്വാള്‍

0
168

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ശുഭ്മാന്‍ ഗില്ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍. നേപ്പാളിനെതിരെ 48 പന്തില്‍ സെഞ്ചുറി തികച്ച ജയ്‌സ്വാള്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 21ാം വയസിലാണ് യശസ്വിയുടെ സെഞ്ചുറി നേട്ടം. 23 വയസും 146 ദിവസവും പ്രായമുളപ്പോഴായിരുന്നു ഗില്ലിന്‍റെ സെഞ്ചുറി നേട്ടം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ഗില്‍ റെക്കോര്‍ഡിട്ടത്.

ഇതിന് പുറമെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കുറഞ്ഞ പന്തില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി യശസ്വി. 48 പന്തിലായിരുന്നു യശസ്വിയുടെ സെഞ്ചുറി നേട്ടം. 35 പന്തില്‍ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 45 പന്തില്‍ സെഞ്ചുറി നേടിയിട്ടുള്ള സൂര്യകുമാര്‍ യാദവ്, 46 പന്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍, 48 പന്തി്ല‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് പിന്നിലാണ് ഇപ്പോള്‍ യശസ്വി.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമാണ് യശസ്വി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി, ലിസ്റ്റ് എ മത്സരങ്ങളില്‍ ഡബിള്‍ സെഞ്ചുറി, അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറി, രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, ഇന്ത്യ എ, ഐപിഎല്‍, ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി എന്നിവ നേടിയിട്ടുള്ള യശസ്വിയും മറ്റൊരു അനുപമ നേട്ടമായി ഏഷ്യന്‍ ഗെയിംസിലെ സെഞ്ചുറി.

ബാറ്റര്‍മാരെല്ലാം ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ട മത്സരത്തില്‍ യശസ്വിയും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും(23 പന്തില്‍ 25), ശിവം ദുബം(19 പന്തില്‍ 25), റിങ്കു സിംഗ്(15 പന്തില്‍ 37) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്. തിലക് വര്‍മ(2), ജിതേഷ് ശര്‍മ(5) എന്നിവര്‍ നിരാശപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here