നീതിയും അവകാശങ്ങളും ലഭിക്കുന്നതുവരെ പലസ്തീനൊപ്പം; പിന്തുണ പ്രഖ്യാപിച്ച് സൗദി

0
165

റിയാദ്: പലസ്തീന് പിന്തുണ അറിയിച്ച് സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. നീതിയും അവകാശങ്ങളും ലഭിക്കുന്നതുവരെ പലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനോട് പറഞ്ഞതായി സൗദി സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച വ്യക്തമാക്കി. ‘പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ അബ്ബാസിനോട് പറഞ്ഞു’, സൗദി ഔദ്യോഗിക പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പലസ്തീൻ പ്രശ്‌നം വളരെ പ്രധാനപ്പെട്ടതാണെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ മാസം ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു.

അതേസമയം, ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 687 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശക്തമായ റോക്കറ്റാക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസ കടൽ തീരത്തിനടുത്ത് നിലയുറപ്പിച്ച നാവികസേനയും റോക്കറ്റാക്രമണം നടത്തുണ്ട്. കരസേനാനീക്കവും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here