ഒരു സമരനൂറ്റാണ്ട്; വി എസിന് ഇന്ന് നൂറാം പിറന്നാള്‍

0
97

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക.

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും പിണറായി കൂട്ടിച്ചേർത്തു.

1940ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗത്വം നേടിയ വി എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുന്നത് 1965ലാണ്. അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച വി എസ് ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് ഒന്‍പത് തവണ നിയമസഭയിലേക്ക് മത്സരിച്ച വി എസ് ഏഴ് പ്രാവശ്യവും വിജയിച്ചു. പരാജയം സംഭവിച്ചത് 1977ലും (അമ്പലപ്പുഴ) 1996ലും (മരാരിക്കുളം).

2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്വല ജയം നേടിയപ്പോള്‍ വി എസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും നാല് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. വി എസിന്റെ ഭരണമികവുകൊണ്ടാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനാകാതെ പോയതെന്നായിരുന്നു വിലയിരുത്തല്‍

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വി എസ് ആയിരുന്നു ഇടതിന്റെ മുഖമായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്കാര ചെയർമാന്റെ ചുമതലയായിരുന്നു വി എസിന്. പിന്നീടാണ് വി എസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതും പൂർണവിശ്രമത്തിലേക്ക് കടക്കുന്നതും. 99-ാം വയസില്‍ കോവിഡിനേയും മറികടന്നാണ് വി എസ് നൂറിന്റെ കരുത്തിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here