വിദ്വേഷപ്രചാരണം നടത്തിയ സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി

0
132

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക്‌ കാരണമായ ഔദ്യോഗിക പേജുകൾക്കെതിരെ ഐഎൻഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഡിജിപിക്ക്‌ പരാതി നൽകി. ബിജെപി നേതാവ് സന്ദീപ് വാര്യർ, വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്‍റെ എഡിറ്റർ ഷാജൻ സ്കരിയ, കർമ്മ ന്യൂസ്‌, തീവ്ര വർഗീയ ഗ്രൂപ്പായ ‘കാസ’ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ വർഗീയ വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്.

നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു.

ബിജെപിയുടെ ദേശീയ നേതാക്കളും വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ചു, മുസ്ലിംങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ട്വിറ്റർ, ഫേസ്ബുക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻകെ അബ്ദുൽ അസീസ് പറഞ്ഞു.

കളമശ്ശേരിയിലെ ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട്  സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ബിജെപി നേതാവ് സന്ദീപ് ജി വാര്യർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. എഐവൈഎഫ്  സംസ്ഥാന പ്രസിഡണ്ട്  എൻ അരുൺ ആണ്  കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. സന്ദീപ് ജി വാര്യരുടെ  സോഷ്യൽ മീഡിയ അക്കൗണ്ടിന്‍റെ  ലിങ്ക് സഹിതം ആണ് പരാതി.

അതിനിടെ കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന്   പത്തനംതിട്ടയിൽ പൊലീസ്  കേസെടുത്തു.റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്.എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 

LEAVE A REPLY

Please enter your comment!
Please enter your name here