വറുത്ത തേയിലയിട്ട പാല്‍ച്ചായ; വീഡിയോ ഇതുവരെ കണ്ടത് 1.2 കോടി ആളുകള്‍

0
182

ചായ ഇല്ലാത്ത പ്രഭാതത്തെപ്പറ്റി ആലോചിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രഭാതചര്യയുടെ പ്രധാനഭാഗമായ ചായ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പലര്‍ക്കും കഴിയില്ല. സാധാരണ ചായ അല്ലാതെ അതിലേയ്ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തുള്ള വെറൈറ്റി ചായകളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. ജിഞ്ചര്‍ ടീ, മസാല ടീ, ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ റോസ്റ്റഡ് മില്‍ക്ക് ടീ നമ്മള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ്.

തേയില വെള്ളത്തിലോ പാലിലോ നേരിട്ടിട്ട് തിളപ്പിക്കുന്ന ചായയാണ് നമുക്ക് പരിചയം. എന്നാല്‍ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് ഈ ചായ. വളരെ വേഗത്തിലാണ് ഈ ചായ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ചായയുണ്ടാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. ഫുഡ് മാഡ്‌നെസ് പേജിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. പോസ്റ്റ് ചെയ്ത കുറഞ്ഞസമയത്തിനകം വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ചൂടായ പാനിലേയ്ക്ക് തേയിലയിട്ട് വറുത്തെടുക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ശേഷം അതിലേയ്ക്ക് പഞ്ചസാരയിട്ടുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം അതിലേയ്ക്ക് ഏലയ്ക്കയിട്ട് ചൂടാക്കുന്നു. ശേഷം പഞ്ചസാരയുരുകിത്തുടങ്ങുമ്പോള്‍ അതിലേയ്ക്ക് പാലൊഴിച്ച് തിളപ്പിച്ചെടുക്കുന്നു.ഈ ചായയാണ് റോസ്റ്റഡ് മില്‍ക്ക് ടീ. 1.2 കോടി പേരാണ് ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്.

വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ‘ദയവായി ചായയെ നശിപ്പിക്കരുത്’, ‘ചായയുടെ രുചി നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം’, ‘പരീക്ഷിച്ചു നോക്കരുത് വെറും വേസ്റ്റാണ്’ എന്ന രീതിയിലാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ചായപ്രേമികളെ അത്രയധികം പ്രകോപിച്ചിരിക്കുകയാണ് ഈ വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here