ട്രെയിന്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം പത്തിരട്ടിയോളം വര്‍ധിപ്പിച്ച് റെയില്‍വേ

0
156

ഡല്‍ഹി: ട്രെയിന്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം പരിഷ്‌കരിച്ച് റെയില്‍വേ ബോര്‍ഡ്. ഗുരുതരവും നിസാരവുമായ പരിക്കുകള്‍ ഏല്‍ക്കുന്ന ആളുകള്‍ക്കുള്ള ധനസഹായത്തില്‍ പത്തിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2012ലും 2013ലും ധനസഹായം അവസാനമായി ക്രമീകരിച്ചതിനുശേഷമാണ് ഈ പുതിയ മാറ്റം വരുന്നത്. ട്രെയിന്‍ അപകടങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് നല്‍കേണ്ട ദുരിതാശ്വാസ സഹായ തുക പരിഷ്‌കരിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സെപ്തംബര്‍ 18ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

അപകടത്തില്‍ മരണം സംഭവിച്ചാല്‍ ലഭിക്കുന്ന ധനസഹായം 50,000 രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്കുള്ള സഹായം 25,000 രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും നിസാര പരിക്കുകളുള്ള വ്യക്തികള്‍ക്ക്, മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന 5,000 രൂപ ധനസഹായത്തില്‍ നിന്ന് 50,000 രൂപയായും വര്‍ധിപ്പിച്ചു. പുതുക്കിയ ധനസഹായം റെയില്‍വേയ്ക്ക് ബാധ്യതയുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റുകളില്‍ അപകടത്തില്‍പ്പെടുന്ന യാത്രക്കാര്‍ക്കും ബാധകമായിരിക്കും.

ആളില്ലാ ലെവല്‍ ക്രോസിംഗുകളില്‍ അപകടങ്ങളില്‍ പെടുന്നവര്‍, അതിക്രമിച്ചു കടക്കുന്നവര്‍ അല്ലെങ്കില്‍ ഓവര്‍ഹെഡ് ഉപകരണങ്ങള്‍ വഴി വൈദ്യുതാഘാതമേറ്റ വ്യക്തികള്‍ എന്നിവര്‍ക്ക് ദുരിതാശ്വാസ തുക ലഭിക്കില്ല. പുതുക്കിയ ധനസഹായം 1989-ലെ റെയില്‍വേ നിയമത്തിന്റെ ഭാഗമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here