വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതാണോ ഭക്ഷണം കഴിച്ച് ചെയ്യുന്നതാണോ നല്ലത്?

0
229

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമവും പ്രധാനപ്പെട്ട ഘടകമാണ്. ശരീരഭാരം കുറക്കുക, ഫിറ്റ്‌നസ് നിലനിർത്തുക, മാനസിക ആരോഗ്യം വളർത്തുക തുടങ്ങിയവയൊക്കെ സ്ഥിരമായി വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളാണ്. രാവിലെ വ്യായാമം ചെയ്യുന്നതാണ് എപ്പോഴും നല്ലതെന്നും നമുക്കറിയാം. എന്നാൽ ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതാണോ, അതല്ല ഭക്ഷണം കഴിച്ചതിന് ശേഷം വ്യായാമം ചെയ്യുന്നതാണോ നല്ലത് എന്നത് പലർക്കുമുള്ള സംശയമാണ്.

പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് വർക്ക് ഔട്ട് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പൊതുവെ പറയാറ്. എന്നാൽ ഭക്ഷണം കഴിച്ചതിനുശേഷം വ്യായാമം ചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും അത് വ്യായാമത്തെ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുമെന്നാണ് ചിലരുടെ അഭിപ്രായം.

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ഫാസ്റ്റഡ് കാർഡിയോ എന്നാണ് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കും. 12 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ വ്യായാമത്തിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ കൂടുതൽ കൊഴുപ്പ് എരിയിച്ചു കളയുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ചില ഗവേഷണങ്ങൾ ഈ സിദ്ധാന്തത്തെ തള്ളിക്കളയുന്നുണ്ട്. 2014-ൽ 20 സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുന്നവരിലും ഭക്ഷണം കഴിച്ചതിന് ശേഷം വ്യായാമം ചെയ്യുന്നവരിലും കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നത്. നാലാഴ്ച നടത്തിയ പഠനത്തിൽ ശരീരഭാരം, വയർ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് തുടങ്ങിയവ ഇരുകൂട്ടർക്കും കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യുന്നവരിൽ ചിലർക്കെങ്കിലും തലകറക്കം,ഓക്കാനും, തളർച്ച എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് എങ്ങനെ തീരുമാനിക്കാം?

വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വ്യായാമത്തിന്‍റെ രീതി അനുസരിച്ചിരിക്കും. നടത്തം, ഗോൾഫിംഗ്, യോഗ പോലെയുള്ള ലഘുവായ വ്യായാമങ്ങളാണ് ചെയ്യുന്നതെങ്കിൽ രാവിലെ ഭക്ഷണം കഴിക്കണമെന്നില്ല. വെറും വയറ്റിലും ഇത്തരം വ്യായാമങ്ങൾ ചെയ്യാം. എന്നാൽ ധാരാളം ശക്തിയും ഊർജ്ജവും സഹിഷ്ണുതയും ആവശ്യമുള്ള ടെന്നീസ്, ഓട്ടം, നീന്തൽ തുടങ്ങിയ വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

ഒരു മണിക്കൂറിൽ കൂടുതൽ വർക്ക് ഔട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഭക്ഷണം നിർബന്ധമായും കഴിക്കണം. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കും. ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്ന രീതിയും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറുടെ നിർദേശം കൂടി സ്വീകരിക്കണം.

വ്യായമത്തിന് മുൻപ് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം

പോഷകപ്രദവും പ്രകൃതിദത്തവുമായ ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പഴങ്ങൾ,പച്ചക്കറികൾ,ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഒലിവ് ഓയിൽ,വെളിച്ചെണ്ണ, നെയ്യ്, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം വ്യായാമത്തിന് മുമ്പ് കഴിക്കാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് എളുപ്പത്തിൽ ദഹിക്കാൻ കഴിയുന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ്. കൂടാതെ വ്യായാമത്തിന് ഏകദേശം 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here