‘സിപിഎം ഇടപെട്ടിട്ടും നടപടിയായില്ല’; ബിജെപിക്ക് കത്ത് നൽകി കാഞ്ഞങ്ങാട്ടെ കൗൺസിലർ, വിവാദം

0
153

കാഞ്ഞങ്ങാട് ∙ ബന്ധുക്കൾ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പുനഃസ്ഥാപിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎം കൗൺസിലറും നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുമായ നേതാവ് ബിജെപി നേതൃത്വത്തിനു കത്തു നൽകി. കാഞ്ഞങ്ങാട് നഗരസഭയിലെ 25-ാം വാർഡ് കൗൺസിലറും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയും ആയ കെ.വി.സരസ്വതി ആണ് ബിജെപി മണ്ഡലം കമ്മിറ്റിക്ക് കത്തു നൽകിയത്. സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രശ്നം അറിയിച്ചെങ്കിലും 8 മാസത്തോളം കാര്യമായ ഇടപെടൽ നടത്താത്തതിനെ തുടർന്നാണിത്.

സിപിഎം നേതാവ് റോഡ് പ്രശ്നത്തിൽ ബിജെപിയുടെ സഹായം തേടിയത് പാർട്ടിക്കുള്ളിൽ വിവാദമായി. ഇവരുടെ സഹോദരന്റെ സ്ഥലത്തു കൂടിയാണ് വീട്ടിലേക്ക് റോഡ് ഉണ്ടായിരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് സഹോദരനും മറ്റു ബന്ധുക്കളും‍ തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ മാരാർ സമാജം ഇടപെട്ട് ഇവർ തമ്മിലുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവരുടെ സ്ഥലത്തേക്കുള്ള റോഡ് ഉൾപ്പെടുന്ന സ്ഥലം ബന്ധുക്കൾക്ക് കിട്ടി. സ്ഥലം കിട്ടിയ ഉടൻ തന്നെ ഇവർ റോഡിൽ കുഴികൾ കുത്തി ഗതാഗതം തടസ്സപ്പെടുത്തിയെന്ന് സരസ്വതി ബിജെപി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.

പ്രശ്നങ്ങൾ അപ്പോൾ തന്നെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയെ അറിയിച്ചു. ചർച്ച നടത്തിയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ല. ലോക്കൽ സെക്രട്ടറിയും ചർച്ച നടത്തിയെങ്കിലും തർക്കത്തിന് പരിഹാരം ഉണ്ടായില്ല. ഏരിയ സെക്രട്ടറിയും മുതിർന്ന നേതാക്കളും സ്ഥലം സന്ദർശിച്ച് പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പരിഹാരം കാണാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പാർട്ടി തയാറാക്കിയ വ്യവസ്ഥയിൽ എതിർ കക്ഷികളെ കൊണ്ട് ഒപ്പിടീക്കാൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് കൗൺസിലർ പറയുന്നു. ഇതിനെ തുടർന്നാണ് ബിജെപി നേതൃത്വത്തെ സമീപിക്കുന്നതെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിന്റെ അടിസ്ഥാനത്തിൽ‌ ബിജെപി പ്രദേശിക നേത‍ൃത്വം ഇവരുടെ വിഷയത്തിൽ ഇടപെട്ടു. ചർച്ചകളിൽ ഇവർക്കായി ബിജെപിയുടെ പ്രാദേശിക നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ചർച്ചയിലും ബിജെപി നേതാക്കൾ ചർച്ചയ്ക്ക് എത്തി.

‘‘8 മാസത്തോളം പാർട്ടി പ്രശ്നം പരിഹരിക്കുമെന്ന് കരുതി കാത്തു നിന്നു. ബന്ധുക്കളുടെയും മറ്റും നിർദേശത്തെ തുടർന്നാണ് മറ്റൊരു പ്രസ്ഥാനത്തോട് സഹായം തേടേണ്ട സ്ഥിതി വന്നത്. ഭർത്താവ് നാലു പതിറ്റാണ്ടോളമായി പാർട്ടി പ്രവർ‍ത്തകനാണ്. കത്ത് നൽകിയതിനു പിന്നിൽ ആരുടെയും സ്വാധീനമില്ല. കുടുംബത്തിന്റെ പ്രാഥമിക ആവശ്യമാണ് റോഡ്. ഇതിനായി ആരുടെ സഹായം തേടാനും തയാറാകും. പാർട്ടി ഇടപെട്ട് പരിഹരിച്ചാൽ ഏറെ സന്തോഷം’’– കെ.വി.സരസ്വതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here