ഗ്രൗണ്ടിൽ നിന്ന് കിട്ടിയ ‘സാധനം’ വീട്ടിൽക്കൊണ്ടുവന്നു, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു; 5 കുട്ടികളടക്കം 9 മരണം

0
244

ലാഹോർ: കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്ന് കിട്ടിയ റോക്കറ്റ് ലോഞ്ചറിന്റെ ഷെൽ പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികളടക്കം ഒരുകുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദാരുണസംഭവം. കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ റോക്കറ്റ് ഷെൽ ലഭിച്ചു. വെടിക്കോപ്പാണെന്നറിയാതെ വീട്ടിൽ കൊണ്ടുവന്ന് തുറക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നതായി കാഷ്മോർ-കണ്ഡ്കോട്ട് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) രോഹിൽ ഖോസ പറഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റഅഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

നദീതീരത്തുള്ള പ്രദേശത്തുനിന്നാണ് റോക്കറ്റ് ഷെൽ ലഭിച്ചത്. കൊള്ളക്കാർ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എസ്എസ്പി പറഞ്ഞു. സിന്ധിലെയും പഞ്ചാബിലെയും നദീതട പ്രദേശങ്ങൾ നിരവധി ക്രിമിനൽ സംഘങ്ങളുടെ സുരക്ഷിത താവളമായി മാറിയെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റിൽ പറഞ്ഞു.

ഗ്രാമത്തിൽ എങ്ങനെയാണ് റോക്കറ്റ് ലോഞ്ചർ എത്തിയതെന്ന് സിന്ധ് മുഖ്യമന്ത്രി ജസ്റ്റിസ് മഖ്ബൂൽ ബഖർ പ്രവിശ്യാ ഇൻസ്‌പെക്ടർ ജനറലിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച ബഖർ, സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസ്പെക്ടർ ജനറലിനോട് നിർദ്ദേശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here