‌ഊരാളുങ്കലിന്റെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത്; സുപ്രിംകോടതിയിൽ സത്യവാങ്മൂലം

0
158

ന്യൂഡൽഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം. സാമ്പത്തിക പരിധിയില്ലാതെ നിർമാണങ്ങൾ ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതിയുണ്ടെന്നും സർക്കാർ. കണ്ണൂരിലെ ഏഴു നില കോടതി സമുച്ചയത്തിന്റെ കേസിലാണ് സർക്കാർ സത്യവാങ്മൂലം.

നേരത്തെ ഇതുമായി ബന്ധപ്പെട്ട കരാർ പ്രകാരം കെട്ടിടനിർമാണവുമായി ഊരാളുങ്കലിന് മുന്നോട്ടോപോകാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ നിർമാൺ കൺസ്ട്രക്ഷൻ ഉടമ എ.എം മുഹമ്മദലി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഊരാളുങ്കൽ നൽകിയ തുകയേക്കാൾ അഞ്ച് ശതമാനം കുറച്ച് ക്വോട്ട് ചെയ്ത സ്ഥാപനമാണ് നിർമാൺ കൺസ്ട്രക്ഷൻ.

നേരത്തെ, ഈ ഹരജി പരിഗണിച്ചപ്പോൾ സർക്കാരിനോട് സുപ്രിംകോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ഊരാളുങ്കലിനേക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ആൾക്ക് കരാർ നൽകിയില്ലെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് ഉടനടി മറുപടി നൽകണം എന്നാവശ്യപ്പെട്ട് നിർമാണനടപടികൾ സുപ്രിംകോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസിലായ സി.കെ ശശിയാണ് ഇതിൽ സത്യവാങ്മൂലം സുപ്രിംകോടതിയിൽ സമർപ്പിച്ചത്. സർക്കാർ നിർമാണ പ്രവർത്തനങ്ങളിൽ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ സ്വകാര്യ കോൺട്രാക്ടറുടെ ക്വട്ടേഷനേക്കാൾ പത്ത് ശതമാനം വരെ കൂടുതൽ തുകയ്ക്ക് സഹകരണ സൊസൈറ്റിക്ക് നിർമാണ കരാർ ഏറ്റെടുക്കാൻ സാധിക്കുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ പിന്നെയെന്തിന് ടെൻഡർ നടപടികളിലേക്ക് സർക്കാർ കടന്നു എന്നതാണ് ഉയരുന്ന ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here