‘ഉമ്മയെക്കാള്‍ വലുതല്ല എന്റെ ജീവന്‍..അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട’: കിണറ്റില്‍ വീണ ഉമ്മയെ കൂടെ ചാടി രക്ഷിച്ച് പത്തുവയസ്സുകാരന്‍

0
297

വേങ്ങര: കിണറ്റില്‍ വീണ ഉമ്മയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ച പത്തുവയസ്സുകാരന് അഭിനന്ദനപ്രവാഹം. കിള്ളിനക്കോട് പള്ളിക്കല്‍ ബസാര്‍ ഉത്തന്‍ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനയ്ക്ക് മകന്റെ നിര്‍ഭയമായ ഇടപെടലില്‍ ജീവിതം തിരിച്ചുകിട്ടിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജംഷീന കിണറിന്റെ ആള്‍മറ തകര്‍ന്ന് കിണറ്റിലേക്ക് വീണു. പത്ത് വയസ്സുകാരന്‍ മുഹമ്മദ് സ്വബീഹ് മറുത്തൊന്ന് ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടി. നാലാള്‍ ആഴമുള്ള കിണറാണ്. നീന്തല്‍ അറിയാത്ത ഉമ്മ മുങ്ങിപ്പോവാതെ പിടിച്ചുനില്‍ക്കാന്‍ മോട്ടോര്‍ കെട്ടിയിട്ട കയര്‍ ശരിപ്പെടുത്തി സുരക്ഷിത സ്ഥാനം ഒരുക്കി സ്വബീഹ്.

കഴിഞ്ഞ ദിവസം കുറുക്കന്‍ കിണറ്റില്‍ വീണിരുന്നു. കുറുക്കനെ പുറത്തെടുത്ത് കിണര്‍ വൃത്തിയാക്കാന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെയാണ് സൈഡിലെ ഭിത്തി തകര്‍ന്ന് ജംഷീന കിണറ്റില്‍ വീണത്. മകള്‍ റജ ഫാത്തിമയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സൈതലവിയുടെ സഹോദരി റഹ്ത്താണ് കിണറ്റില്‍ രണ്ടുപേരും വീണ വിവരം അടുത്തുള്ള വീട്ടില്‍ അറിയിച്ചത്.

‘ഉമ്മയെക്കാള്‍ വലുതല്ല എന്റെ ജീവന്‍.. അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട..’ എന്നാണ് ചെറിയ പ്രായത്തിലേ വലിയ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് പത്തുവയസ്സുകാരന്‍ പറയുന്നത്.

മുഹമ്മദ് സ്വബീഹ് കിളിനാക്കുട് എംഎച്ച്എം എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.സ്‌കൂളിലും സുഹൃത്തുക്കളെ സഹായിക്കുന്നതിലും പൊതുപ്രവര്‍ത്തനങ്ങളിലും സ്വബീഹ് സജീവമാണെന്ന് അധ്യാപകരും പറയുന്നു.

കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ മുഹമ്മദ് സ്വാബിഹ് വീട്ടിലെത്തി സ്വബീഹ് മോനെ നോട്ടു മാല അണിയിച്ച് ആദരിച്ചു. സ്‌കൂളില്‍ എത്തിയ സ്വബീഹിനെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു. മുഹമ്മദ് സ്വാബിഹിന്റെ ധീരത എത്രപറഞ്ഞാലും തീരില്ലെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here