ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്ദളും

0
255

ഹരിയാനയില്‍ ബുധനാഴ്ചയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തിരിച്ചടിക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്തും യുവജന വിഭാഗമായ ബജ്റംഗ്ദളും. ഹരിയാനയിലെ നുഹ് ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം ഗുരുഗ്രാം ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടിയും പരുക്കേറ്റവര്‍ക്ക് 20 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്‍സെക്രട്ടറി സുരേന്ദ്ര ജെയിന്റെ ആവശ്യം. കൂടാതെ കോണ്‍ഗ്രസ് എംഎല്‍എമാരായ മമ്മന്‍ ഖാനും അഫ്താബ് അഹമ്മദും അക്രമണത്തിന് മുസ്ലീം വിഭാഗക്കാരെ പ്രേരിപ്പിക്കുന്നുവെന്ന ആരോപണവും സുരേന്ദ്ര ജെയിന്‍ ഉന്നയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

ഹരിയാനയിലെ മേവാത്ത് മേഖലയിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് നുഹ്. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ‘ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര’യാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാര്‍ഗി കക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര നൂഹിലെ ഖേദ്ല മോഡിന് സമീപം ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു. പിന്നാലെ കൊലപാതകവും കല്ലേറും തീവയ്പ്പും ഉള്‍പ്പെടെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്.

വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമികള്‍ ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്ക് തീയിട്ട ശേഷം ഇമാമിനെ കൊലപ്പെടുത്തിയതോടെ വലിയ ആഭ്യന്തര സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങളെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു 70-80 പേരടങ്ങുന്ന ജനക്കൂട്ടം ഗുഡ്ഗാവിലെ അഞ്ജുമാന്‍ ജമാ മസ്ജിദ് അക്രമിച്ചത്. അതേസമയം, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ അഭ്യര്‍ഥിച്ചു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് നൂഹില്‍ ഘോഷയാത്രയ്ക്കിടെ അജ്ഞാതരായ അക്രമികള്‍ കല്ലെറിഞ്ഞത്. ബജ്റംഗ്ദള്‍ നേതാവ് മോനു മനേസറും കൂട്ടാളികളും വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദില്‍ താനുണ്ടാകുമെന്ന് എതിര്‍വിഭാഗത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അക്രമികള്‍ ആയുധങ്ങളുമായി നില്‍ക്കുന്നതും വാഹനങ്ങള്‍ക്ക് തീയിടുന്നതും ഹരിയാനയില്‍ നിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here