എന്‍.എച്ച് 66-ല്‍ വരുന്നത് 11 ടോള്‍ബൂത്ത്,മേല്‍പ്പാലം കൂടുമ്പോള്‍ ടോള്‍ ഉയരും; വരുന്നത് വമ്പന്‍ടോള്‍

0
214

ദേശീയപാത 66 പൂര്‍ണമായും തുറക്കുന്നതോടെ കാത്തിരിക്കുന്നത് വന്‍ ടോള്‍ നിരക്കുകള്‍. 60 മീറ്ററില്‍ കൂടുതലുള്ള മേല്‍പ്പാലങ്ങളുടെ ടോള്‍ നിശ്ചയിക്കുമ്പോള്‍ അതിന്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ചട്ടം. ഉദാഹരണത്തിന് കഴിഞ്ഞവര്‍ഷം തുറന്ന കഴക്കൂട്ടം ആകാശപാതയുടെ ആകെ നീളം 2.72 കിലോമീറ്ററാണ്. എന്നാല്‍ ടോള്‍ കണക്കാക്കുമ്പോള്‍ എടുക്കുക 27.2. കിലോമീറ്റര്‍ എന്ന തരത്തിലാകും.

ഭാവി പാതകള്‍ക്കും ഈ ചട്ടം ബാധകമാണ്. ജനവാസമേഖലകള്‍ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്‍പ്പാലങ്ങള്‍, ബൈപ്പാസ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ദേശീയപാതാ 66-ന്റെ നിര്‍മാണം. സാധാരണ പണിയെക്കാള്‍ കൂടുതല്‍ പണം പാലംനിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരും. അതുകൊണ്ടാണ് ഉയര്‍ന്ന ടോള്‍നിരക്കെന്ന് ദേശീയപാതാ അധികൃതര്‍ വിശദീകരിക്കുന്നു. ഓരോ 60 കിലോമീറ്ററിലും ടോള്‍ബൂത്ത് ആകാമെന്നാണ് ചട്ടം.

കഴക്കൂട്ടം ആകാശപാതയുംകൂടി ടോളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞമാസമാണ് കേന്ദ്രവിജ്ഞാപനം വന്നത്. ഇതോടെ തിരുവല്ലത്തെ ടോള്‍ബൂത്തില്‍ നിരക്ക് വലിയതോതില്‍ ഉയര്‍ന്നു. കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് 150 രൂപയാണ് പുതിയനിരക്ക്. നേരത്തേ ഇത് 120 ആയിരുന്നു. ഇരുവശത്തേക്കുമുള്ളത് 180-ല്‍ 225 രൂപയായി. മറ്റു വാഹനങ്ങള്‍ള്‍ക്കും സമാനരീതിയില്‍ കൂടും.

ടോള്‍ബൂത്തിന്റെ പരിധിയില്‍ പുതിയൊരു മേല്‍പ്പാലംകൂടി ഈഞ്ചയ്ക്കലില്‍ നിര്‍മിക്കുന്നുണ്ട്. അതിന്റെ പണികഴിഞ്ഞാല്‍ ടോള്‍ വീണ്ടും കൂടും. ദേശീയപാത 66-ല്‍ 11 ഇടത്താണ് ടോള്‍ബൂത്തുകള്‍ വരുന്നത്. മേല്‍പ്പാലങ്ങള്‍ കൂടുന്നതിനനുസരിച്ച് നിരക്കുകള്‍ കൂടും. 12.75 കിലോമീറ്ററില്‍ രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം വരുന്ന അരൂര്‍-തുറവൂര്‍ റീച്ചിലാകും വലിയനിരക്ക് നല്‍കേണ്ടിവരിക.

LEAVE A REPLY

Please enter your comment!
Please enter your name here