സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

0
107

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.

2005ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സിബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര വിക്കറ്റുകള്‍ നേടിയ പേസര്‍ കൂടിയായ സ്ട്രീക്ക് ടെസ്റ്റില്‍ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഏക സിംബാബ്‌‌വെ ബൗളറുമാണ്.  2000 മുതല്‍ 2004വരെ സിംബാബ്‌വെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റില്‍ 216 വിക്കറ്റും 189 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റും വീഴ്ത്തി. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം. ഏകദിനത്തില്‍ 32 റണ്‍സ് അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ്.

പ്രാഥമികമായി പേസറാണെങ്കിലും ബാറ്ററെന്ന നിലയിലും സ്ട്രീക്ക് തിളങ്ങി. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടിയിട്ടുള്ള സ്ട്രീക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹരാരെയില്‍ ടെസ്റ്റ് സെഞ്ചുറിയും(127) നേടി. 1993ല്‍ പാക്കിസ്ഥാനെതിരെ സിംബാബ്‌വെ കുപ്പായത്തില്‍ അരങ്ങേറിയ സ്ട്രീക്ക് അതിവേഗമാണ് ടീമിന്‍റെ പ്രധാന ബൗളറായത്. പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ സ്ട്രീക്ക് സിംബാബ്‌വെയുടെ ബൗളിംഗ് കുന്തമുനയായി മാറുകയായിരുന്നു.

2005ല്‍ വിരമിച്ചശേഷം കൗണ്ടി ക്രിക്കറ്റില്‍ കളിച്ച സ്ട്രീക്ക് ഐപിഎല്ലിന്‍റെ പ്രാഥമിക രൂപമായ ഐസിഎല്ലിലും ഭാഗമായിട്ടുണ്ട്.
വിരമിച്ചശേഷം പരിശീലകനായ സ്ട്രീക്ക് സിംബാബ്‌വെ,സ്കോട്‌ലന്‍ഡ്, ബംഗ്ലാദേശ്, ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2022ല്‍ അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് സ്ട്രീക്കിനെ ഐസിസി എട്ടു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷമാദ്യമാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലാണെന്നും സ്ട്രീക്ക് വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here